ഒഴുകി നടക്കുന്ന കാറുകള്‍, വെള്ളത്തില്‍ മുങ്ങിയ സബ് വേകള്‍; വെള്ളപ്പൊക്ക ദുരിതത്തില്‍ തകര്‍ന്ന് ന്യൂയോര്‍ക്ക്
|ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഐഡ ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് ന്യൂയോര്‍ക്ക്. നഗരത്തില്‍ മാത്രമല്ല, വടക്കു കിഴക്കന്‍ അമേരിക്കയില്‍ ഒന്നാകെ ഐഡ നാശം വിതച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മുട്ടൊപ്പം വെള്ളത്തിലാണ് നഗരത്തിലെ എല്ലാ റോഡുകളും. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഒഴുകി നടക്കുകയാണ് കാറുകള്‍. വിമാനത്താവളത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിലും കനത്ത മഴയാണ് പെയ്യുന്നത്. ഇത് വെള്ളപ്പൊക്കത്തിന്‍റെ ആക്കം കൂട്ടിയിട്ടുണ്ട്.
New York is flooding again pic.twitter.com/4zX1dfoFU4
— Dr. Lucky Tran (@luckytran) September 2, 2021
അമേരിക്കയുടെ ദേശീയ കാലാവസ്ഥ സര്‍വീസിന്‍റെ കണക്കനുസരിച്ച് നെവാർക്ക് എയർപോർട്ടിൽ രാത്രി 8 നും 9 നും ഇടയിൽ 3.24 ഇഞ്ച് മഴയാണ് അനുഭവപ്പെട്ടത്. എയർപോർട്ടിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്താവളത്തിലെ ബാഗേജ് പ്രദേശം വെള്ളത്തിനടിയിലായി. ഉദ്യോഗസ്ഥരും ജീവനക്കാരും എസ്കലേറ്ററുകളിലാണ് അഭയം തേടിയത്.
ന്യൂയോര്‍ക്കിലെ സബ് വേകളും വെള്ളത്തിനടിയിലാണ്. വെള്ളം കയറുന്ന ഭീതികരമായ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലൂസിയാനയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു.