ഗർഭച്ഛിദ്രം അവകാശമല്ലെന്ന വിധി: സ്വന്തം കുഞ്ഞിന്റെ മരണം കാണേണ്ടി വരുമെന്ന മനോവിഷമം പങ്കുവച്ച് ദമ്പതികൾ
|കഴിഞ്ഞ വർഷം ജൂണിലാണ് ഗർഭച്ഛിദ്രം അവകാശമല്ലാതാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്
യുഎസിൽ ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമല്ലെന്ന വിവാദ വിധി മൂലമനുഭവിക്കുന്ന പ്രതിസന്ധി പങ്കു വച്ച് ദമ്പതികൾ. പോട്ടർ സിൻഡ്രോം എന്ന രോഗമുള്ള കുഞ്ഞ് ജനിച്ചയുടൻ മരിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും അബോർഷൻ നടത്താനാവാത്തതിനാൽ കുഞ്ഞിന്റെ മരണം കാണേണ്ടി വരുമെന്നുമാണ് ദമ്പതികളുടെ പരാതി.
ഡെബോറ-ലീ ഡോർബെർട്ട് ദമ്പതികളാണ് തങ്ങളുടെ അവസ്ഥ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫ്ളോറിഡയിൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ 15 ആഴ്ചകൾ പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇതുമൂലം കഷ്ടതയനുഭവിക്കുന്ന നിരവധി പേരിലൊരാളാണ് താനെന്നും കുഞ്ഞ് ജനിച്ചയുടൻ മരിക്കുന്നത് കാണേണ്ടി വരുന്നത് ഒരു മാതാപിതാക്കളും സഹിക്കില്ലെന്നും ഡെബോറ പറയുന്നു.
ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് ഗർഭാവസ്ഥയിൽ തന്നെ രോഗം നിർണയിച്ചത്. എന്നാൽ കുട്ടിയെ അബോർട്ട് ചെയ്യാൻ ഫ്ളോറിഡയിൽ നിയമവിലക്കുള്ളതിനാൽ ഇതിന് സാധിച്ചില്ല. കുഞ്ഞ് ജനനശേഷം മരിക്കുന്നത് കാണേണ്ടി വരുമെന്നതിനാൽ ഇതൊഴിവാക്കാൻ നിരവധി വഴികൾ തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് ദമ്പതികളെ ഉദ്ധരിച്ച് ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയാണ് പോട്ടർ സിൻഡ്രോം. ഭ്രൂണത്തിന്റെ വൃക്കകൾ ശരിയായി വികസിക്കാത്തത് വഴി അമ്നിയോട്ടിക്ക് ഫ്ള്യൂയിഡിന്റെ അളവ് കുറയുകയും ഇത് മൂലം കുട്ടിക്ക് ജനനശേഷം ശ്വസിക്കാനുള്ള ശേഷി ഇല്ലാതാവുകയും ചെയ്യും. കൂടാതെ വൃക്കകൾ പ്രവർത്തനരഹിതമായതിനാൽ ശരീരത്തിൽ നിന്ന് മാലിന്യം പുറന്തള്ളപ്പെടാത്ത അവസ്ഥയുമുണ്ടാകും.
ഗർഭച്ഛിദ്രത്തിന് അനുമതി തേടിയപ്പോൾ തങ്ങളോട് 37ാം ആഴ്ച വരെയോ പ്രസവം വരെയോ കാത്തിരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി ദമ്പതികൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിയമത്തിൽ ഇളവുണ്ടെങ്കിലും അവിടേക്കുള്ള യാത്രാ ചെലവും മറ്റും മൂലം ഇതിന് തടസ്സങ്ങളുണ്ടെന്നും ദമ്പതികൾ കൂട്ടിച്ചേർക്കുന്നു. തന്റെ ആരോഗ്യത്തിന് മികച്ചതെന്തെന്ന് തീരുമാനിക്കേണ്ടത് ഭരണകർത്താക്കൾ അല്ലെന്നും ഇത് ഒരേ സമയം നിരാശയും രോഷവും ഉണ്ടാക്കുന്നുവെന്നുമാണ് ഡെബോറ പ്രതികരിക്കുന്നത്.
പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെങ്കിലും കുഞ്ഞ് ജീവനോടെ ജനിച്ചാൽ വേണ്ടുന്ന എല്ലാ പരിചരണവും നൽകാൻ തയ്യാറെടുക്കുകയാണിവർ.
കഴിഞ്ഞ വർഷം ജൂണിലാണ് ഗർഭച്ഛിദ്രം അവകാശമല്ലാതാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. യു.എസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമായ 973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി യായിരുന്നു 1973 ലേത്.
ഭരണഘടനയിൽ ഗർഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാൽ 28 ആഴ്ച വരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 63 ഭൂരിപക്ഷവിധിയിൽ അംഗീകരിച്ചു. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നൽകി.
ഫ്ളോറിഡയിൽ നിയമം തെറ്റിക്കുന്ന ഡോക്ടർമാർക്ക് ലൈസൻഡ് സസ്പെൻഷൻ മുതൽ തടവുശിക്ഷ വരെയുള്ള ശിക്ഷകളാണ് ലഭിക്കുക.