'നിങ്ങൾ എല്ലാം ചൈനക്ക് വിറ്റില്ലേ'; ശ്രീലങ്കൻ പ്രധാനമന്ത്രിയോട് കച്ചവടക്കാർ
|ലങ്കൻ ഗവൺമെൻറ് എല്ലാം ചൈനക്ക് വിറ്റതാണ് പ്രധാനപ്രശ്‌നമെന്നും രാജ്യം സാധനങ്ങളെല്ലാം ഇതരയിടങ്ങളിൽനിന്ന് കടം വാങ്ങുകയാണെന്നും കച്ചവടക്കാർ
രജപക്‌സെ ഗവൺമെൻറ് എല്ലാം ചൈനക്ക് വിറ്റുവെന്നും രാജ്യത്തിന് വേണ്ടതെല്ലാം മറ്റിടങ്ങളിൽ നിന്ന് വാങ്ങുകയാണെന്നും ശ്രീലങ്കയിലെ കച്ചവടക്കാർ. സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളാൽ ശ്രീലങ്കയിൽ പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം. 'മൂന്നു നാലു മാസം മുമ്പ് വരെ ആപ്പിളിന് കിലോ 500 ശ്രീലങ്കൻ രൂപയായിരുന്നു. ഇപ്പോൾ ആയിരം രൂപയാണ്. പിയർ പഴത്തിന് 700 രൂപയായിരുന്നത് ഇപ്പോൾ 1500 രൂപയാണ്. ജനങ്ങളുടെ കയ്യിൽ പണമില്ല' പഴക്കച്ചവടക്കാരനായ ഫാറൂഖ് പറഞ്ഞു.
ലങ്കൻ ഗവൺമെൻറ് എല്ലാം ചൈനക്ക് വിറ്റതാണ് പ്രധാനപ്രശ്‌നമെന്നും രാജ്യം സാധനങ്ങളെല്ലാം ഇതരയിടങ്ങളിൽനിന്ന് കടം വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 'യാതൊരു കച്ചവടവും നടക്കുന്നില്ല, ഗൊത്തബായക്ക് ഒരു കഴിവുമില്ല. അദ്ദേഹം പോകുന്നതാണ് നല്ലത്' മറ്റൊരു കച്ചവടക്കാരനായ രാജ കുറ്റപ്പെടുത്തി.
രാജ്യത്തെ സാമ്പത്തിക രംഗം മോശമായ സാഹചര്യത്തിൽ പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം നിർത്തലാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി പ്രസിഡൻഷ്യൽ ഭരണം നിർത്തലാക്കുമെന്ന് നേതാക്കൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവയെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദേശ നാണ്യമില്ലായ്മയാണ് ശ്രീലങ്ക നേരിടുന്ന പ്രധാനപ്രശ്‌നം. അതുവഴി രാജ്യത്ത് ഭക്ഷണം, ഇന്ധനം എന്നിവക്ക് ക്ഷാമം അനുഭവിക്കുകയാണ്. ജനരോഷത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച 26 അംഗ ശ്രീലങ്കൻ മന്ത്രിസഭ രാജിവെച്ചിരുന്നു. അതേസമയം, രാജ്യത്ത് ശനിയാഴ്ച വൈകീട്ട് ആറു മണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയുമാണ്. ഇന്ധന ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ ശനിയാഴ്ച ലങ്കയിലേക്ക് ഇന്ത്യ 40,000 മെട്രിക് ടൺ ഡീസൽ കയറ്റി അയച്ചിരുന്നു. കഴിഞ്ഞ 50 ദിവസത്തിനിടെ ഇന്ത്യ ആകെ 200000 മെട്രിക് ടൺ ഇന്ധനമാണ് ലങ്കക്ക് നൽകിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭം ചെറുക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്‍റെ ശ്രമം ഫലം കണ്ടിരുന്നില്ല. നിർദിഷ്ട ഐക്യസർക്കാറിൽ ചേരാനുള്ള പ്രസിഡന്‍റ് ഗോതബയ രജപക്സയുടെ ക്ഷണം പ്രതിപക്ഷ പാർട്ടികൾ തള്ളി. രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ്.പ്രസിഡന്‍റിന്‍റെ നിർദേശം വന്ന ഉടൻ, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫോഴ്സ് തള്ളുകയായിരുന്നു. കേവലം നേതൃത്വമാറ്റമല്ല വേണ്ടതെന്നും പുതിയ രാഷ്ട്രീയ മാതൃകയാണ് ആവശ്യമെന്നും പാർട്ടി നേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു.
തമിൾ പീപ്പിള്‍സ് അലയൻസും ശ്രീലങ്ക മുസ്‍ലിം കോൺഗ്രസും സർക്കാറിൽ ചേരില്ലെന്ന് വ്യക്തമാക്കി.കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം സർക്കാറിനെതിരെ പ്രതിഷേധമുയർത്തിയതോടെ മന്ത്രിമാർ ഒന്നടങ്കം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ നാലു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബേസിൽ രജപക്‌സെക്ക് പകരം അലി സാബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ. പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം. അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ആയിരങ്ങൾ ഇപ്പോഴും തെരുവുകളിൽ പ്രക്ഷോഭത്തിലാണ്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി പ്രസിഡന്‍റ് ഗോതബെയെ രജപക്സെയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
Food vendors in Sri Lanka say Rajapaksa government sells everything to China and buys everything the country needs from elsewhere