ആദ്യമായി ഫത്തഹ് ഹൈപ്പർ സോണിക് മിസൈൽ പുറത്തെടുത്ത് ഇറാൻ; വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ
|181 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്
തെഹ്റാൻ: ഇസ്രായേലിനെതിരായ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ചവയിൽ ഏറ്റവും പുതിയ ഫത്തഹ് ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലും. ആദ്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലാണ് ഈ മിസൈൽ അവതരിപ്പിക്കുന്നത്. 1400 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ഇറാൻ പ്രാദേശികമായി നിർമിച്ച ആദ്യത്തെ ഹൈപ്പർ സോണിക് മിസൈൽ കൂടിയാണിത്. ശബ്ദത്തേക്കാൾ 15 ഇരട്ടി വേഗതയിലാണ് ഇതിന്റെ സഞ്ചാരം. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും ഇതിന് സാധിക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു.
‘ട്രൂ പ്രോമിസ് 2’ എന്ന പേരിലാണ് ഇറാൻ സൈനിക വിഭാഗമായ ഐആർജിഎസ് ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയത്. കഴിഞ്ഞ ഏപ്രിലിലും ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരുന്നു. അതിന്റെ പേര് ‘ട്രൂ പ്രോമിസ് 1’ എന്നായിരുന്നു. ചൊവ്വാഴ്ചത്തെ ആക്രമണം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇറാൻ പറയുന്നു. മൂന്ന് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഹെറ്റ്സാരിം വ്യോമതാവളവും ഇതിൽ ഉൾപ്പെടും. 90 ശതമാനം മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഇറാൻ അവകാശപ്പെട്ടു. നിരവധി യുദ്ധ വിമാനങ്ങൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്. മിസൈലുകൾ വരുന്നതിന്റെയും അവ പതിച്ചുണ്ടായ വലിയ കുഴികളുടെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മിസൈലുകൾ വിക്ഷേപിക്കുന്നതോടൊപ്പം ഇസ്രായേലിന് നേരെ സൈബർ ആക്രമണവും ഇറാൻ നടത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം, തിരിച്ചടിക്കുമെന്ന് ഇസ്രായേലും അമേരിക്കയും പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
ഇസ്രായേലിനെതിരായ ഏറ്റവും വലിയ ആക്രമണം
ഇസ്രായേലിനെതിരായ ഏറ്റവും വലിയ സൈനിക ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇതോടെ രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. തെൽ അവീവിലടക്കം മിസൈലുകൾ പതിച്ചു. ജനങ്ങളോട് പൂർണമായും സുരക്ഷിത ബങ്കറുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം മണിക്കൂറുകളാണ് ബങ്കറുകളിൽ കഴിഞ്ഞുകൂടിയത്. ലബനാനിനും ഗസ്സക്കും നേരെയുള്ള ആക്രമണത്തിനും ഹിസ്ബുല്ലയുടെയും ഹമാസിന്റെയും നേതാക്കളെയും കൊലപ്പെടുത്തിയതിനുമുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.
ഇസ്രായേലിനെതിരായ ആക്രമണം പൂർത്തിയായതായും ഇറാൻ അറിയിച്ചു. തിരിച്ചടി ഉണ്ടായാൽ കൂടുതൽ ആക്രമണം നടത്തും. ‘കൂടുതൽ തിരിച്ചടികൾ നേരിടാൻ ഇസ്രായേൽ ഭരണകൂടം തീരുമാനിച്ചില്ലെങ്കിൽ ഞങ്ങളുടെ ആക്രമണം അവസാനിച്ചിരിക്കുന്നു. തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായിരിക്കും’ -ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഘോഷ പ്രകടനങ്ങളും അരങ്ങേറി.
‘ശത്രുക്കൾ എവിടെയാണെങ്കിലും ആക്രമിക്കും’
അമേരിക്കയുടെ സഹായത്തോടെയ പല മിസൈലുകളും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗസ്സ, ലബനാൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നിങ്ങനെ മിഡിൽ ഈസ്റ്റിൽ എവിടെ ആണെങ്കിലും ശത്രുക്കളെ ആക്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ആക്രമണത്തെ ഹമാസ് അടക്കമുളള സംഘങ്ങൾ സ്വാഗതം ചെയ്തു. ഇറാന്റേത് ധീരമായ നടപടിയാണെന്നും സയണിസ്റ്റ് ശത്രുവിനും അതിന്റെ ഫാസിഷ്റ്റ് സർക്കാറിനുമുള്ള ശക്തമായ സന്ദേശമാണിതെന്നും ഹമാസ് വ്യക്തമാക്കി. ഇത് അവരുടെ തീവ്രവാദത്തെ തടയാനും നിയന്ത്രിക്കാനും സഹായിക്കുമെന്നും ഹമാസ് കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റ് സമ്പൂർണമായ പ്രാദേശിക യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഡോണിന്റെ അഭിഭാഷക ഡയറക്ടർ റീഡ് ജാറർ അൽ ജസീറയോട് പറഞ്ഞു. അമേരിക്കയുടെ നയത്തിൽ മാറ്റം വരാതെ ഇത് അവസാനിക്കില്ല. നമ്മൾ ഒരിക്കലും ഇസ്രായേലിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കരുത്. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഗ്ലോബൽ അഫേഴ്സ് പ്രതിനിധി ഉമർ റഹ്മാൻ പറയുന്നു. അങ്ങോട്ടും ഇങ്ങോട്ടും പ്രതികാര നടപടിയുണ്ടാകും. ഇത് വലിയൊരു യുദ്ധത്തിലാണ് കലാശിക്കുക. കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ഇത്തരമൊരു യുദ്ധം ഇസ്രായേൽ ക്ഷണിച്ചുവരുത്തുകയായിരുന്നു. വൻ നാശം വരുത്താൻ ഇസ്രായേലിന് സാധിക്കും. അതാണ് ഇപ്പോൾ ലബനാനിൽ കാണുന്നത്. ഇറാൻ ഇത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഇസ്രായേലുമായുള്ള യുദ്ധത്തിന്റെ പാതയിലാണെന്നും ഉമർ റഹ്മാൻ പറയുന്നു.
വ്യോമതാവളങ്ങൾ ആക്രമിച്ച് ഹിസ്ബുല്ല
ചൊവ്വാഴ്ച ഇറാന് പുറമെ ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ഫാദി 4 റോക്കറ്റ് ഉപയോഗിച്ച് തെൽ അവീവിന് സമീപത്തെ സൈനിക വ്യോമതാളവത്തിന് നേരെയായിരുന്നു ആക്രമണം. സെപ്റ്റംബർ 22ന് ശേഷം നിരവധി തവണ ഫാദി മിസൈലുകൾ ഹിസ്ബുല്ല ഉപയോഗിക്കുന്നുണ്ട്. ഫാദി 1 മിസൈലിന്റെ ദൂര പരിധി 80 കിലോമീറ്ററും ഫാദി 2ന്റെത് 105 കിലോമീറ്ററുമാണ്. കൂടുതൽ പ്രഹരശേഷിയുള്ള ഫാദി 3, ഫാദി 4 മിസൈലുകളും ഹിസ്ബുല്ലയുടെ കൈവശമുണ്ടെന്നാണ് വിവരം.
അതേസമയം, ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ആക്രമണത്തിന് മുന്നോടിയായി ബെയ്റൂത്തിലെ പല മേഖലകളിൽനിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു.
ഗസ്സയിൽ 362 ദിവസം പിന്നിട്ട ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ ഇതുവരെ 41,638 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 16,673 പേർ കുട്ടികളും 11,270 പേർ സ്ത്രീകളുമാണ്. 96,460 പേർക്ക് പരിക്കേറ്ററു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൂട്ടക്കൊലകളാണ് ഇസ്രായേൽ നടത്തിയത്. 23 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.