World
ജെഫ് ബെസോസിനെ പിന്തള്ളി ഇലൺ മസ്‌ക് ഫോബ്‌സ് അതിസമ്പന്നൻ; യൂസുഫലി മലയാളികളിൽ മുന്നിൽ
World

ജെഫ് ബെസോസിനെ പിന്തള്ളി ഇലൺ മസ്‌ക് ഫോബ്‌സ് അതിസമ്പന്നൻ; യൂസുഫലി മലയാളികളിൽ മുന്നിൽ

Web Desk
|
5 April 2022 4:15 PM GMT

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോക സമ്പന്നരിൽ പത്താം സ്ഥാനത്തുണ്ട്

2022ലെ ഫോബ്‌സ് അതിസമ്പന്നരുടെ പട്ടിക പുറത്ത്. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലൺ മസ്‌ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിലുള്ളത്. പട്ടികയിൽ പത്താം സ്ഥാനത്താണ് അംബാനി. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി 11-ാം സ്ഥാനത്തുമുണ്ട്. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസൂഫലിയാണ് മുന്നിലുള്ളത്.

219 ബില്യൻ ഡോളറാണ് ഇലൺ മസ്‌കിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി 171 ബില്യൻ ഡോളറുമാണ്. ഫ്രഞ്ച് ഫാഷൻ ഭീമന്മാരായ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൻ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുമെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്(129 ബില്യൻ ഡോളർ) നാലും നിക്ഷേപ ഗുരു വാറൻ ബഫറ്റ്(118 ബില്യൻ ഡോളർ) അഞ്ചും സ്ഥാനത്തുണ്ട്.

90.7 ബില്യൻ ഡോളറാണ് അംബാനിയുടെ ആസ്തി. അദാനിയുടെ ആസ്തി 90 ബില്യൻ ഡോളറും. രണ്ടുപേർക്കും പുറമെ എച്ച്.സി.എൽ ടെക്‌നോളജീസ് ചെയർമാൻ എമറിറ്റസ് ശിവ് നാടാർ(28.7 ബില്യൻ ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാല(24.3), ഡി-മാർട്ടിന്റെ രാധാകൃഷ്ണൻ ധമനി(20), ആഴ്‌സലർ മിത്തലിന്റെ ലക്ഷ്മി മിത്തൽ(17.9), ഒ.പി ജിൻഡാൽ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡാൽ(17.7), ആദിത്യ ബിർല ഗ്രൂപ്പിന്റെ കുമാർ ബിർല(16.5), സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ദിലീപ് ഷങ്‌വി(15.6), കൊട്ടക് മഹീന്ദ്രയുടെ ഉദയ് കൊട്ടക്(14.3) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട ആദ്യ പത്ത് ഇന്ത്യക്കാർ.

പട്ടികയിൽ 490-ാം സ്ഥാനത്താണ് എം.എ യൂസുഫലി. 5.4 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എസ്. ഗോപാലകൃഷ്ണൻ(4.1 ബില്യൻ ഡോളർ), ബൈജു രവീന്ദ്രൻ(3.6 ബില്യൻ ഡോളർ), രവി പിള്ള(2.6 ബില്യൻ ഡോളർ), എസ്.ഡി ഷിബുലാൽ(2.2 ബില്യൻ ഡോളർ), സണ്ണി വർക്കി(2.1 ബില്യൻ ഡോളർ), ജോയ് ആലുക്കാസ്(1.9 ബില്യൻ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മലയാളികൾ.

Summary: Tesla CEO Elon Musk beats Amazon's Jeff Bezos to become world's richest person in Forbes billionaires list 2022; MA Yusuff Ali first in Malayalees

Similar Posts