ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം; തുർക്കിയിൽ വിദേശ പൗരൻ അറസ്റ്റിൽ
|ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു തുർക്കി രഹസ്യാന്വേഷണ ഏജൻസി.
ഇസ്താംബൂൾ: തുർക്കിയിൽ ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കി സുരക്ഷാ സേനയുടെ പിടിയിൽ. കൊസോവോ പൗരൻ ലിറിഡൺ റെക്ഷെപിയെയാണ് തുർക്കി സേന അറസ്റ്റ് ചെയ്തത്.
ഡ്രോണുകൾ വഴി റെക്കോർഡിങ്ങിലൂടെ ഉൾപ്പെടെ ഫലസ്തീൻ നേതാക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്ന തുർക്കിയിലെ ഇസ്രായേലിൻ്റെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് ഇയാൾ പണം കൈമാറിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വെസ്റ്റേൺ യൂണിയൻ വഴി തുർക്കിയിലെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് റെക്ഷെപി നിരവധി തവണ പണം കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു തുർക്കി രഹസ്യാന്വേഷണ ഏജൻസി. തുടർന്ന്, ആഗസ്റ്റ് 30ന് ഇസ്താംബൂൾ പൊലീസാണ് റെക്ഷെപിയെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്പണിക്കായി താൻ പണം കൈമാറിയിരുന്ന കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ഇസ്താംബൂൾ കോടതി ജയിലിലേക്കയച്ചു.
ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ, പ്രത്യേകിച്ച് കൊസോവോയെ തുർക്കിയിലെ തങ്ങളുടെ വിവരദാതാക്കൾക്കും പ്രവർത്തകർക്കും ധനസഹായം നൽകാനായി ഉപയോഗിച്ചിരുന്നു എന്ന് തുർക്കി സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ, തുർക്കിയിലെ ചാരവൃത്തിക്കാർ കൊസോവോയിൽ നിന്നെത്തുന്ന പണം വെസ്റ്റേൺ യൂണിയൻ വഴി സിറിയയിലെ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൈമാറിയതായും കണ്ടെത്തി. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് തുർക്കിയിലെ ഇസ്രായേൽ ചാരപ്പണിക്കാർ സിറിയയിലെ തങ്ങളുടെ ആളുകൾക്ക് പണം നൽകുന്നതെന്നും വ്യക്തമായി.
ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നവരെയും അവരുടെ വിവിധ ശൃംഖലകളിലെ അംഗങ്ങളേയും അടുത്തകാലങ്ങളായി തുർക്കി സുരക്ഷാ സേന അറസ്റ്റ് ചെയ്തുവരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതോടെ, കൂടുതൽ ഇസ്രായേലി രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് തുർക്കി.