World
സി.എ.എ നടപ്പാക്കാനുള്ള തീരുമാനം ആശങ്കാജനകം; ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിദേശ എം.പിമാർ
World

'സി.എ.എ നടപ്പാക്കാനുള്ള തീരുമാനം ആശങ്കാജനകം'; ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിദേശ എം.പിമാർ

Web Desk
|
23 April 2024 8:03 AM GMT

ബ്രിട്ടീഷ്, ആസ്ട്രേലിയ, ന്യൂസിലൻഡ് എം.പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വിദേശ ജനപ്രതിനിധികൾ. സഞ്ജീവ് ഭട്ട്, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ തുടങ്ങിയവരെ അന്യായമായി തടങ്കലിൽ പാർപ്പിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ്, ആസ്ട്രേലിയ, ന്യൂസിലൻഡ് എം.പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതാണ് തങ്ങളുടെ ആശങ്ക ശക്തമാക്കിയിരിക്കുന്നതെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. സഞ്ജീവ് ഭട്ടിന്റെ എക്‌സ് ഹാൻഡിലിൽ ഭാര്യ ശ്വേത ഭട്ട് പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എം.പിമാരായ ജെറമി കോർബിൻ, നാദിയ വിറ്റോം, അപ്സാന ബേഗം, ക്ലൗഡിയ വെബ്, ആസ്ട്രേലിയൻ എം.പിമാരായ ഡേവിഡ് ഷൂബ്രിഡ്ജ്, ജാനെറ്റ് റൈസ്, ആൻഡ്ര്യൂ വിൽക്കി, ന്യൂസിലൻഡ് പാർലമെന്റ് അംഗങ്ങളായ ടീനോ ടൂയ്നോ, ലോറൻസ് എക്സ്യൂ-നാൻ എന്നിവരാണു സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.

അന്താരാഷ്ട്ര മനുഷ്യാവകാശ ചുമതലകളുടെ ലംഘനവും വിവേചനവുമാണെന്ന് ഐക്യരാഷ്ട്രസഭ വിമർശിച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഇന്ത്യൻ സർക്കാർ അടുത്ത കാലത്ത് എടുത്ത തീരുമാനമാണ് തങ്ങളുടെ ആശങ്കകൾ ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതപരിവർത്തന വിരുദ്ധ നിമയങ്ങളിലൂടെയും ഗോവധ വിരുദ്ധ നിയമങ്ങളിലൂടെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനും അവരെ പാർശ്വവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ചു.

മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭരണകൂടം ഈ മനുഷ്യാവകാശ ധ്വംസനങ്ങളെ എതിർക്കാത്തത് രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുന്നതിനെ സൂചിപ്പിക്കുന്നെന്നും പ്രസതാവനയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും മനുഷ്യാവകാശ നിരീക്ഷണത്തിനും റിപ്പോർട്ടിങ്ങിനുമുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനും ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരാൻ അവർ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts