World
പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ച്‌ കൊന്നു
World

പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ച്‌ കൊന്നു

Web Desk
|
15 Oct 2022 5:04 AM GMT

പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം

കറാച്ചി: പാകിസ്താനിൽ മുൻചീഫ് ജസ്റ്റിസിനെ വെടിവെച്ച് കൊന്നു. ബലൂചിസ്താൻ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂർ മസ്‌കൻസായ് ആണ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ഇശാ നമസ്‌കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെപ്പിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡി.ഐ.ജി നസീർ അഹമ്മദ് കുർദ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മസ്തുങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഒരു ഗോത്രവർഗ നേതാവിനെയും രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ഇരുവരും രക്ഷപ്പെടുകയായിരുന്നു.

ഈ വർഷം പാകിസ്താനിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണ പ്രവർത്തനങ്ങൾ നടന്നത് സെപ്തംബറിലാണെന്നാണ്‌ റിപ്പോർട്ട്. ആഗസ്തിനെ അപേക്ഷിച്ച് സെപ്തംബറിൽ ആക്രമണ പ്രവർത്തനങ്ങളിൽ 35 ശതമാനം വർധനവുണ്ടായി. ആഗസ്തിൽ പാകിസ്താനിലുടനീളമുണ്ടായ ആക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെട്ടതായും 55 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Similar Posts