97ാം വയസ്സിൽ തെരഞ്ഞെടുപ്പിനിറങ്ങി മുൻ മലേഷ്യൻ പ്രധാനമന്ത്രി; വീണ്ടും ചരിത്രം കുറിക്കുമോ മഹാതീർ മുഹമ്മദ്
|2018ൽ പ്രധാനമന്ത്രിയായപ്പോൾ മഹാതീറിന് 92 വയസ്സായിരുന്നു
97ാം വയസ്സിൽ തെരഞ്ഞെടുപ്പിനിറങ്ങി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. രണ്ടു വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഇദ്ദേഹം ആദ്യ അവസരത്തിൽ 22 വർഷമാണ് രാജ്യത്തെ നയിച്ചത്. 2018ൽ രണ്ടാമത് പ്രധാനമന്ത്രിയായപ്പോൾ മഹാതീറിന് 92 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് ഈ വർഷമാദ്യത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇപ്പോൾ തന്റെ സീറ്റിൽ മത്സരിക്കാനിറങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് വിജയിച്ചുകഴിഞ്ഞിട്ടല്ലോ അക്കാര്യം പ്രസക്തമാകുകയെന്ന മറുചോദ്യമായിരുന്നു വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉയർത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മലേഷ്യൻ പാർലമെൻറ് പിരിച്ചുവിട്ടത്. വൺ എം.ഡി.ബിയെന്ന ഗവൺമെൻറ് ഫണ്ട് തട്ടിപ്പിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതക്ക് തെരഞ്ഞെടുപ്പിലൂടെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. യുണൈറ്റഡ് മലെയ്സ് നാഷണൽ ഓർഗനൈസേഷൻ പാർട്ടിയിലെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ഇസ്മയിൽ സാബ്രി യാക്കോബ് പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു.
1964ലിലാണ് മഹാതീർ ആദ്യമായി പാർലമെൻറംഗമായത്. 1980കളിൽ ദ്രുത സാമ്പത്തിക വികാസത്തിലേക്ക് മലേഷ്യയെ നയിച്ചത് ഇദ്ദേഹമായിരുന്നു. 2003 ൽ വിരമിക്കുന്നത് വരെ 22 വർഷം മഹാതീർ യു.എം.എൻ.ഒയുടെ മുതിർന്ന നേതാവായിരുന്നു. 2016ൽ നജീബിന്റെ കാലയളവിൽ 1 മലേഷ്യ ഡവലപ്മെൻറ് ബെർഹദ് സ്റ്റേറ്റ് ഫണ്ട് തട്ടിപ്പ് നടന്നു. ഇതോടെ മഹാതീർ തിരിച്ചെത്തി. 2018 ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ വിജയത്തിലേക്ക് നയിച്ചു. 1957ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് മുതൽ രാജ്യം ഭരിച്ച യു.എം.എൻ.ഒ ഇതോടെ ഭരണത്തിൽനിന്ന് പുറത്തായി. തുടർന്ന് ലോകത്തിലെ ഏറ്റവും മുതിർന്ന ഭരണാധികാരിയായി അദ്ദേഹം മാറി. 93ാം വയസ്സിൽ ഗവൺമെൻറിനെ നയിച്ചു. എന്നാൽ ആഭ്യന്തര തർക്കം മൂലം മുന്നണി തകർന്നു. യു.എം.എൻ.ഒ വീണ്ടും അധികാരത്തിലെത്തി. 2020ൽ ഭരണം നഷ്ടമായ ശേഷം പെജുഗാംഗ് പാർട്ടി രൂപീകരിച്ചിരിക്കുകയാണ് മഹാതീർ. ചില ചെറുപാർട്ടികൾ അദ്ദേഹത്തിന്റെ പാർട്ടിക്കൊപ്പമുണ്ട്.
Former Malaysian Prime Minister Mahathir Mohamad will contest the election at the age of 97