World
നിങ്ങൾ അന്ന് പറഞ്ഞതെന്താണ്? ഇപ്പോൾ ചെയ്യുന്നതെന്താണ്? ഇന്ത്യയുമായുള്ള സഹകരണത്തിൽ മുഹമ്മദ് മുയിസുവിനെ രൂക്ഷമായി വിമർശിച്ച് മാലദ്വീപ് മുൻ പ്രസിഡൻ്റ്
World

നിങ്ങൾ അന്ന് പറഞ്ഞതെന്താണ്? ഇപ്പോൾ ചെയ്യുന്നതെന്താണ്? ഇന്ത്യയുമായുള്ള സഹകരണത്തിൽ മുഹമ്മദ് മുയിസുവിനെ രൂക്ഷമായി വിമർശിച്ച് മാലദ്വീപ് മുൻ പ്രസിഡൻ്റ്

Web Desk
|
13 Oct 2024 3:58 AM GMT

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിന് പരസ്പര വിരുദ്ധമായാണ് മുയിസു ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ജനങ്ങളെ വഞ്ചിക്കുകയാണെന്നുമാണ് മുഹമ്മദ് സോലിഹിന്റെ വിമർശനം

മാലെ: ഇന്ത്യയുമായി അടുപ്പം വർധിപ്പിക്കുന്ന മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് രം​ഗത്ത്. 2023 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മുയിസുവിന്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) വിശേഷിപ്പിച്ച അതേ ഉടമ്പടികളിൽ ഇപ്പോൾ ഇന്ത്യയുമായി മുന്നോട്ട് പോകുന്ന നടപടിയെയാണ് സോലിഹ് വിമർശിച്ചിരിക്കുന്നത്.

അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് മുയിസു രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യ മാലദ്വീപിന് നൽകുന്ന സാമ്പത്തിക പിന്തുണയ്ക്കും സഹായങ്ങൾക്കും മുയിസു നന്ദി പ്രകടിപ്പിച്ചിരുന്നു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇന്ത്യയുടെ കടുത്ത വിമർശകനായിരുന്നു, കൂടാതെ ഇന്ത്യൻ സർക്കാരിൻ്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികളോടും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 'ഇന്ത്യ ഔട്ട്' മുദ്രാവക്യമുയർത്തിയാണ് മുയിസു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെ മാലദ്വീപിലെ ഇന്ത്യൻ സൈനികരോട് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അവരുടെ ഭരണകാലത്ത് ആരംഭിച്ച നിരവധി മാലദ്വീപ്-ഇന്ത്യ സംയുക്ത കരാറുകൾക്ക് മുയിസു അടുത്ത കാലത്ത് പിന്തുണ അറിയിച്ചിരുന്നു. ഇവയെല്ലാം മുൻകാലങ്ങളിൽ അദ്ദേഹത്തിൻ്റെ പാർട്ടി ശക്തമായി എതിർത്തിരുന്നവയാണെന്നാണ് സോലിഹിന്റെ പ്രധാന വിമർശനം. ഉതുരു തില ഫല്ഹു (UTF) സൈനിക താവളത്തിൽ ഒരു തുറമുഖവും ഡോക്ക് യാർഡും വികസിപ്പിക്കുന്നതിനുള്ള പദ്ധതി, ഹനിമാധൂ വിമാനത്താവള വികസന പദ്ധതി, തെക്കൻ മാലിദ്വീപ് നഗരമായ അദ്ദുവിലെ ഇന്ത്യൻ കോൺസുലേറ്റ് നിർമാണ പദ്ധതി എന്നിവയാണ് മുയിസു മുമ്പ് എതിർക്കുകയും ഇപ്പോൾ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രധാന പദ്ധതികൾ.

ഇന്ത്യയെന്ന രാജ്യത്തെ കുറിച്ച് മുയിസുവും അദ്ദേഹത്തിന്റെ പാർട്ടിയും എന്തെല്ലാമാണ് പറഞ്ഞിരുന്നത്? ഇന്ത്യയിലെ നേതാക്കളെ കുറിച്ച് അവർ എന്തൊക്കെയാണ് പറഞ്ഞിരുന്നത്? എന്ത് വൃത്തികേടാണ് അവർ പ്രചരിപ്പിച്ചത്? സോലിഹ് ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങളും അവകാശവാദങ്ങളും വാക്കിൽ മാത്രം ഒതുക്കി നിർത്തുകയാണ് മുയിസുവിന്റെ ഇപ്പോഴത്തെ നിലപാടുകളും പ്രവൃത്തികളും തെളിയിക്കുന്നുതെന്ന് സോലിഹ് വിമർശിച്ചു. കുൽഹുദുഫുഷി സിറ്റിയിൽ നടന്ന എംഡിപിയുടെ ‘ലാമറുകാസി ഗുൽഹുൻ’ കോൺഫറൻസിൽ പങ്കെടുക്കവെയായിരുന്നു സോലിഹിന്റെ കടന്നാക്രമണം.

ഇന്ത്യാ സന്ദർശനത്തിൽ ഇന്ത്യയുമായി അഞ്ച് ഉപയകക്ഷി കരാറുകൾ മുയിസു ഒപ്പിട്ടിരുന്നു. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനും സമുദ്ര രംഗത്തെ സുരക്ഷയിൽ സഹകരിച്ച് പ്രവർത്തിക്കാനുമുള്ളത് ഇവയിൽ പ്രധാനം. സ്വതന്ത്ര വ്യാപാര കരാറുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം, ബാംഗ്ലൂരിൽ മാലദ്വീപ് കൗൺസിലേറ്റ് തുറക്കൽ, ഇന്ത്യയിലെ വിവിധ ഏജൻസികളുമായി സഹകരിച്ചുള്ള പ്രവർത്തനം എന്നിവയിലും ഇരു രാജ്യങ്ങളുമായി ധാരണയിലായി.

ഒൻപത് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാർ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളായിരുന്നു ഈ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യക്കാർ ബഹിഷ്‌കരിക്കാൻ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖലയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ് ഭരണകൂടം ശ്രമങ്ങളാരംഭിച്ചിരുന്നു.

ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങൾ ആരംഭിച്ചത്. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. ഇതോടെയാണ് മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ഇന്ത്യയിൽ മാലദ്വീപ് ബഹിഷ്‌കരണ ക്യാംപെയിൻ ശക്തമാവുകയുമായിരുന്നു. ചൈന അനൂകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നടപടികളും സ്ഥിതി രൂക്ഷമാക്കി.

Similar Posts