World
മുൻ ട്വിറ്റർ സിഇഒ വാങ്ങിയത് 105 രൂപ; പരാഗ് അഗ്രവാളിന്റെ വാർഷികശമ്പളം?
World

മുൻ ട്വിറ്റർ സിഇഒ വാങ്ങിയത് 105 രൂപ; പരാഗ് അഗ്രവാളിന്റെ വാർഷികശമ്പളം?

Web Desk
|
30 Nov 2021 2:24 PM GMT

സ്ഥാനമൊഴിഞ്ഞ സിഇഒയും ട്വിറ്ററിന്റെ സഹസ്ഥാപകനുമായ ജാക് ഡോർസെ 2015 മുതൽ വാർഷിക ശമ്പളമായി 1.40 ഡോളർ മാത്രമാണ് സ്വീകരിച്ചിരുന്നത്. അഥവാ 105 ഇന്ത്യൻ രൂപ മാത്രം

മുൻ സിഇഒ വാങ്ങിയത് 105 രൂപയായിരുന്നെങ്കിൽ പുതുതായി ട്വിറ്റർ സിഇഒയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളിന് വാർഷികശമ്പളമായി ലഭിക്കുക ഒരു മില്യൺ യുഎസ് ഡോളർ അഥവാ ഏഴു കോടി 50 ലക്ഷം പരം രൂപ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) ഫയലിംഗ് പ്രകാരമാണ് ഈ 37 കാരനായ ഐ.ഐ.ടി ബോംബേ ബിരുദധാരിയുടെ ശമ്പളക്കണക്ക് പുറത്തുവന്നിരിക്കുന്നത്. വാർഷിക അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനം ടാർഗറ്റ് ബോണസും പരാഗിന് ലഭിക്കും. റസ്ട്രിക്റ്റഡ് സ്‌റ്റോക് യൂണിറ്റ് (ആർ.എസ്.യു) വഴി 12.5 മില്യൺ ഡോളറും ഇദ്ദേഹത്തിന് ലഭിക്കും. ട്വിറ്റർ ജോലിക്കാർക്കുള്ള മറ്റു ആനുകൂല്യങ്ങളും ഇതിനു പുറമേ ലഭിക്കും. ഈ വർഷവും ആർ.എസ്.യുവും പിആർ.എസ്.യുവും അഗ്രവാളിന് ലഭിച്ചിട്ടുണ്ടെന്നാണ് ട്വിറ്റർ നൽകുന്ന വിവരം. എന്നാൽ കണക്കുകൾ വ്യക്തമാക്കിയിട്ടില്ല.

സ്ഥാനമൊഴിഞ്ഞ സിഇഒയും ട്വിറ്ററിന്റെ സഹസ്ഥാപകനുമായ ജാക് ഡോർസെ 2015 മുതൽ വാർഷിക ശമ്പളമായ 1.40 ഡോളർ മാത്രമാണ് സ്വീകരിച്ചിരുന്നത്. അഥവാ 105 ഇന്ത്യൻ രൂപ മാത്രം. മറ്റു ആനുകൂല്യങ്ങളൊന്നും കൈപറ്റിയിരുന്നില്ല. ട്വിറ്ററിനോടുള്ള പ്രതിബദ്ധതയുടെയും വിശ്വാസത്തിന്റെയും ഭാഗമായായായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാട്. സമീപ കാലത്ത് ഇദ്ദേഹത്തിന് ഡിജിറ്റൽ പെയ്‌മെൻറ് കമ്പനിയായ സ്‌ക്വയറിലുള്ള കോടിക്കണക്കിന് രൂപയുടെ ഓഹരികൾ വിറ്റിരുന്നു.2009 ൽ ഡോർസി സഹസ്ഥാപകനായി തുടങ്ങിയതാണ് സ്‌ക്വയർ. കമ്പനിയുടെ ഇപ്പോഴത്തെ വിപണിമൂല്യം 98.2 ബില്യൺ ഡോളറാണ്, എന്നാൽ ട്വിറ്ററിന്റേത് 37 ബില്യൺ ഡോളർ മാത്രമാണ്. നിലവിൽ ഡോർസിക്ക് സക്വയറിൽ 11 ശതമാനം ഓഹരിയും ട്വിറ്ററിൽ 2.26 ശതമാനം ഓഹരിയുമാണ് ഡോർസെക്കുള്ളത്.


നവംബർ 29 നാണ് പരാഗ് അഗ്രവാൾ ട്വിറ്റർ സിഇഒ ആയി നിയമിതനായത്. 2011 മുതൽ കമ്പനിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം 2017 മുതൽ ചീഫ് ടെക്‌നോളജി ഓഫിസ(സിടിഒ)റാണ്. ബോംബെ ഐഐടിയിലെ പഠനത്തിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പരാഗ് അഗ്രവാള്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്‍റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറിലാണ് പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്‍റെ ഭാഗമായത്. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി. ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രവാളിനെ സിഇഒ ആയി തീരുമാനിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. സഹസ്ഥാപകൻ മുതൽ സി.ഇ.ഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിനു ശേഷം കമ്പനി വിടാൻ തീരുമാനിച്ചെന്ന് ഡോര്‍സി ട്വിറ്ററിൽ കുറിച്ചു. ഡോര്‍സി നേരത്തെ തന്നെ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ട്വിറ്ററിൽ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്ക്വയറിന്‍റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു.

ജാക്കിനും ടീമിനും നന്ദി അറിയിച്ച് പരാഗ് അഗ്രവാളും ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്‍റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോകം നമ്മളെ ഉറ്റുനോക്കുന്ന കാലമാണിത്. ട്വിറ്ററിന്‍റെ അനന്ത സാധ്യതകള്‍ നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാമെന്നും പരാഗ് അഗ്രവാള്‍ ജീവനക്കാരോട് പറഞ്ഞു. സുന്ദർ പിച്ചൈ, സത്യ നദെല്ല തുടങ്ങിയ ഇന്ത്യൻ വംശജരായ സിലിക്കൺ വാലി സിഇഒമാരുടെ നിരയിലേക്ക് പരാഗ് അഗ്രവാളും എത്തുകയാണ്.

Similar Posts