നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യ മറക്കരുത്; മുന്നറിയിപ്പുമായി ഫ്രാന്‍സ്
|നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നല്‍കി
ആണവായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കില്‍ നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ മനസിലാക്കണമെന്ന് ഫ്രാന്‍സ്. നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നല്‍കി.
'നിങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങൾ' എന്ന പുടിന്‍റെ ഭീഷണി യുക്രൈൻ സംഘർഷത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് താന്‍ മനസിലാക്കുന്നതെന്ന് ലെ ഡ്രിയാൻ പറഞ്ഞു. ''അതെ, അറ്റ്ലാന്‍റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്‌ളാദിമിർ പുടിനും മനസിലാക്കണമെന്ന് ഞാൻ കരുതുന്നു.ഇതിനെക്കുറിച്ച് ഞാൻ ഇത്രമാത്രം പറയും'' ഫ്രഞ്ച് ടെലിവിഷൻ ടിഎഫ്1നോട് ലെ ഡ്രിയാൻ പറഞ്ഞു.
യുക്രൈനില്‍ റഷ്യ നടപ്പാക്കുന്ന കാടന്‍ പദ്ധതികള്‍ അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം റഷ്യയുടെ അധിനിവേശത്തില്‍ ആദ്യദിനം നൂറിലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യൻ തലസ്ഥാനമായ കീവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ചെർണോബിലും റഷ്യൻ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു. യുക്രൈനിന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്.