സ്കൂളുകളില്‍ അബായ നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍
|പുതിയ അധ്യയന വർഷത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് അബായ ധരിച്ച് സ്കൂളിൽ വരാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ
പാരീസ്: സ്കൂളുകളിൽ മുസ്ലിം സ്ത്രീകൾ ധരിക്കുന്ന അബായ നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് സർക്കാർ. പുതിയ അധ്യയന വർഷം മുസ്ലിം വിദ്യാർഥിനികൾക്ക് അബായ ധരിച്ച് സ്കൂളിൽ വരാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞു. ടി.എഫ് വണ്ണിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ നാല് മുതലാണ് പുതിയ അധ്യയന വർഷമാരംഭിക്കുന്നത്.
''നിങ്ങൾ ഒരു ക്ലാസ് മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കുട്ടികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടത്. അത് കൊണ്ട് അബായ ധരിച്ച് കുട്ടികൾ ഇനി സ്കൂളിൽ പ്രവേശിക്കരുത്''- ഗബ്രിയേൽ അത്താൽ പറഞ്ഞു. സ്കൂളുകളില്‍ മുസ്ലിം വിദ്യാർഥികൾ മതചിഹ്നങ്ങള്‍ അണിയുന്നതിനെതിരെ തീവ്രവലതുപക്ഷ കക്ഷികൾ നേരത്തേ തന്നെ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ മുസ്ലിങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് രാജ്യത്തെ ഇടതുപക്ഷത്തിന്റെ അഭിപ്രായം.
ഫ്രാൻസിൽ 2004-ലും 2010ലും പൊതു ഇടങ്ങളിൽ അബായ നിരോധിച്ചത് രാജ്യത്തെ അഞ്ച് ദശലക്ഷം മുസ്ലീം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. അതിനിടെ, നിരവധി മുസ്ലീം സംഘടനകളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്ത് വസ്ത്രം മതപരമായ അടയാളമായി കണക്കാനാവില്ലെന്ന് പ്രസ്താവിച്ചു.