പുരോഹിതന്‍മാരുടെ ലൈംഗിക പീഡനം; മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍
|ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ പള്ളികളില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്
ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ പള്ളികളില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്. ലോകത്തെ പിടിച്ചുലച്ച സംഭവം ഒട്ടേറെ വിവാദങ്ങള്‍ക്കും വഴിതെളിച്ചു. റിപ്പോര്‍ട്ടിന് പിന്നാലെ പ്രായശ്ചിത്ത പ്രാർത്ഥന നടത്തിയിരിക്കുകയാണ് ഫ്രാന്‍സിലെ മുതിര്‍ന്ന കത്തോലിക്ക പുരോഹിതർ.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിലായിരുന്നു പുരോഹിതരുടെ പ്രായശ്ചിത്ത പ്രാർത്ഥന. കരയുന്ന കുട്ടിയുടെ തലയെ പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന് മുന്നിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി. ഇരകളുടെ അഭ്യർഥന മാനിച്ച്, ചടങ്ങുകൾക്ക് പുരോഹിതന്മാർ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല.
അതേസമയം ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ പലരും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ വാദം. കുട്ടിക്കാലത്ത് പുരോഹതനില്‍ നിന്നും പീഡനെ നേരിടേണ്ടി വന്ന പുരോഹിതനായ ജീന്‍ മാരി ഡെല്‍ബോസ് ചടങ്ങ് ബഹിഷ്ക്കരിച്ചു.
2014ല്‍ കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചിരുന്നു. ബാല്യകാലത്ത് പീഡനത്തിനിരയായവരുടെ ആറംഗ സംഘവുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഭ ചെയ്ത 'പാപ'ത്തില്‍ സഭയുടെ ആത്മീയാചാര്യന്‍ ഖേദപ്രകടനം നടത്തിയത്.