World
ഗസ്സയിൽ വെടിനിർത്തണമെന്ന് ഇസ്രായേലി​നോട് ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ
World

ഗസ്സയിൽ വെടിനിർത്തണമെന്ന് ഇസ്രായേലി​നോട് ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ

Web Desk
|
5 Feb 2024 2:15 PM GMT

റഫ അതിർത്തിയിലെത്തിയ പതിനഞ്ചംഗ ഫ്രഞ്ച് സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്

ലണ്ടൻ: ഗസ്സയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രായേലിനോട് ആഹ്വാനം ചെയത് ഫ്രഞ്ച് പാർലമെന്റ് പ്രതിനിധി സംഘം. റഫ അതിർത്തിയിലെത്തിയ ഫ്രഞ്ച് പാർലമെന്റംഗങ്ങളിലെ പതിനഞ്ച് പേരടങ്ങിയ സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്.

ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, ഫലസ്തീൻ പ്രദേശത്ത് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, വെസ്റ്റ്ബാങ്കിലെ അനധികൃത നിർമ്മാണം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് സംഘം ആവശ്യപ്പെട്ടു.

തടവിലാക്കിയവരുടെ മോചനത്തിനായി ഇസ്രായേലും ഫലസ്തീനും മുൻകൈ എടുക്കണമെന്ന് ഫ്രഞ്ച് എം.പിയായ ​എറിക് കോക്വിറൽ പറഞ്ഞു. ഐക്യരാഷ്ട്രസഭ പ്രമേയങ്ങളിലൂടെ മുന്നോട്ടുവെച്ച ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഇ​സ്രായേൽ മാനിക്കണമെന്നും സംഘം ആവശ്യപ്പെട്ടു​.യുദ്ധത്തിനിരയാകുന്ന മുഴുവൻ ജനതയോടും ഐക്യദാർഡ്യപ്പെടുന്നതായി സംഘം പറഞ്ഞു. ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ നടപടിയെ പ്രതിനിധി സംഘം അപലപിച്ചു.

അതെ സമയം ഗസ്സയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളുമായി പോയ യു.എൻ ട്രക്ക് വെടിവെച്ച് തകർത്ത് ഇസ്രായേൽ. യുഎൻ അഭയാർത്ഥി ഏജൻസി ഡയറക്ടറാണ് ഇസ്രായേൽ അതിക്രമം പുറത്തുവിട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ യുടെ നേതൃത്വത്തിൽ നോർത്തേൻ ഗസ്സയിൽ എത്തിയ ട്രക്കാണ് ഇസ്രായേൽ സേന വെടിവെച്ച് ഭക്ഷണമടക്കമ​ു​ള്ള സാധനങ്ങൾ നശിപ്പിച്ചത്. വെടിവെപ്പിൽ ദുരിതാശ്വാസ പ്രവർത്തകർക്കും ട്രക്കിലെ ജീവനക്കാർക്കും പരിക്കുകളേക്കാത്തത് ആശ്വാസമാണെന്ന് യു.ൻ.ആർ.ഡബ്ല്യ.എ വക്താവ് ആയ തോമസ് വൈറ്റ് എക്സിൽ കുറിച്ചു. വെടിവെച്ച് തകർത്ത ട്രക്കിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.

ഇസ്രായേലിന്റെ യുദ്ധവെറിയിൽ തകർന്ന ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കു​വഹിക്ക​ുന്ന സംഘടനയാണ് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി.

75 വർഷം മുമ്പ് രൂപീകൃതമായ സംഘടന വീടുകളും മാതാപിതാക്കളും നഷ്ടമായ പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന പിന്തുണയൊരുക്കുന്നതിൽ മുൻപിലാണ്.

Related Tags :
Similar Posts