ഹിജാബിന് പിന്തുണയുമായി ഫ്രഞ്ച് മന്ത്രി; കളിക്കളത്തിലെ വിലക്ക് നീക്കണമെന്ന് ആവശ്യം
|ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന് ഫ്രഞ്ച് ലിംഗനീതി മന്ത്രി എലിസബത്ത് മൊറേനോ ആവശ്യപ്പെട്ടു
കളിക്കളത്തിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ ദേശീയ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്കെതിരെ ഫ്രഞ്ച് മന്ത്രി. തീരുമാനത്തിനെതിരെ മുസ്ലിം വനിതാ ഫുട്ബോൾ താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഫ്രഞ്ച് ലിംഗനീതി മന്ത്രി എലിസബത്ത് മൊറേനൊ രംഗത്തെത്തി.
പ്രകടമായ മതചിഹ്നങ്ങളുമായി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് വിലക്കേർപ്പെടുത്തിയത്. മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ഹിജാബിനു പുറമെ ജൂതർ ധരിക്കുന്ന കിപ്പയ്ക്കും വിലക്കുണ്ട്. കഴിഞ്ഞ നവംബറിലാണ് ഫുട്ബോൾ ഫെഡറേഷൻ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്. ഇതിനെതിരെ 'ലെസ് ഹിജാബിയസസ്' എന്ന പേരിലുള്ള വനിതാ കൂട്ടായ്മ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പെൺകുട്ടികൾക്ക് തലമറച്ച് ഫുട്ബോൾ കളിക്കാമെന്നാണ് നിയമം പറയുന്നതെന്ന് മന്ത്രി എലിസബത്ത് മൊറേനോ പ്രതികരിച്ചു. ഫുട്ബോൾ മൈതാനത്ത് ഹിജാബ് നിരോധിത വസ്തുവല്ല. നിയമത്തെ മാനിക്കണമെന്നാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരോട് പറയാനുള്ളത്. തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശീയ അസംബ്ലി തള്ളിയ നിയമം
കായിക മത്സരങ്ങളിൾ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിൽ കഴിഞ്ഞ മാസം ഫ്രഞ്ച് സെനറ്റിനു മുന്നിലെത്തിയിരുന്നു. വലതുപക്ഷ റിപബ്ലിക്കനുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി ബിൽ തള്ളുകയായിരുന്നു.
തീവ്ര വലതുപക്ഷ പാർട്ടിയായ ലെസ് റിപബ്ലിക്കൻസ് പ്രതിനിധികളാണ് സെനറ്റിൽ ബിൽ അവതരിപ്പിച്ചത്. കളിക്കളത്തിൽ നിഷ്പക്ഷത നിർബന്ധമാണെന്നു പറഞ്ഞായിരുന്നു വിലക്കിനു നീക്കം. ഫ്രഞ്ച് ഭരണകൂടം എതിർത്തെങ്കിലും 143നെതിരെ 160 വോട്ടുകൾക്കാണ് ബിൽ സെനറ്റിൽ പാസായത്. സ്പോർട്സ് ഫെഡറേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പ്രകടമായ മതചിഹ്നങ്ങൾ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലിൽ വിലക്കേർപ്പെടുത്തിയത്.
തലമറച്ച് കായിക മത്സരങ്ങൽ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി. നിയമം ഔദ്യോഗികമായി നടപ്പായാൽ 2024ലെ പാരിസ് ഒളിംപിക്സിനും അതു ബാധകമാകുമായിരുന്നു.
Summary: France's gender equality minister Elisabeth Moreno threw her support behind Muslim women footballers who are seeking to overturn a ban on players wearing headscarves on the pitch