പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോൺ
|ഇമ്മാനുവൽ മാക്രോണിന്‍റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടന്നതായാണ് വിവരം.
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. വിഷയം പ്രസിഡന്‍റ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോണിന്‍റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
14 ലോകനേതാക്കളുടെ ഫോൺ നമ്പറാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്‍റെ പട്ടികയിൽ കണ്ടെത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മാക്രോണിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോർത്താന്‍ സാധിച്ചോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ പുറത്തുവരൂ.
അതേസമയം, ഇന്ത്യയിൽ ഫോൺ ചോർത്തൽ വിവാദം കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രീംകോടതിയിൽ പൊതുതാൽപര്യഹരജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഫോണ്‍ ചോര്‍ത്തല്‍, ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.