World
ഫ്രാൻസിൽ ഇടതു മുന്നേറ്റം; മാക്രോണിന് ഭൂരിപക്ഷം നഷ്ടം
World

ഫ്രാൻസിൽ ഇടതു മുന്നേറ്റം; മാക്രോണിന് ഭൂരിപക്ഷം നഷ്ടം

Web Desk
|
20 Jun 2022 2:46 PM GMT

സോഷ്യലിസ്റ്റുകൾ, തീവ്ര ഇടതുപക്ഷം, കമ്മ്യൂണിസ്റ്റുകൾ, പരിസ്ഥിതിവാദികൾ എന്നിവർ ചേർന്ന് കഴിഞ്ഞ മേയ് മാസം രൂപംകൊണ്ട ഇടതുസഖ്യം 200 വരെ സീറ്റ് നേടുമെന്നാണ് ആദ്യ ഫലസൂചനകൾ

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. അടുത്തിടെ രൂപീകരിച്ച ഇടതുപക്ഷ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിലാണ് വീണ്ടും ഫ്രഞ്ച് തലവനായി തെരഞ്ഞെടുക്കപ്പെട്ട മാക്രോണിന് തിരിച്ചടിയേറ്റത്. ഇതോടെ സഖ്യസർക്കാർ രൂപീകരിക്കാൻ മാക്രോൺ നിർബന്ധിതനായിരിക്കുകയാണ്.

577 അംഗങ്ങളുള്ള ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം. എന്നാൽ, മാക്രോണിന്റെ പാർട്ടിയായ 'ലാ റിപബ്ലിക്ക് എൻ മാർഷെ'യുടെ നേതൃത്വത്തിലുള്ള മധ്യ ഇടതുസഖ്യമായ എൻസെംബ്ലിന് 200നും 260നും ഇടയിൽ സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് ആദ്യ തെരഞ്ഞെടുപ്പ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലസൂചനകൾ നിരാശപ്പെടുത്തുന്നതാണെന്ന് സർക്കാർ വക്താവ് ഒളിവിയ ഗ്രിഗോറി പ്രതികരിച്ചു.

അതേസമയം, മാസങ്ങൾ മാത്രം പ്രായമുള്ള ഇടതുപക്ഷ സഖ്യമായ 'ന്യൂപ്‌സ്' എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. 149 മുതൽ 200 വരെ സീറ്റുകൾ സഖ്യം നേടുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തവണ ഇടതു പാർട്ടികൾക്ക് ആകെ 60 സീറ്റാൺ ലഭിച്ചിരുന്നത്.

ഫ്രഞ്ച് രാഷ്ട്രീയത്തിലെ തീവ്ര ഇടതുപക്ഷ മുഖമായ ഴാങ് ലൂക് മെലോൻഷോന്റെ നേതൃത്വത്തിലാണ് രാജ്യത്തെ ഇടത് ആഭിമുഖ്യമുള്ള കക്ഷികളെ ചേർത്ത് കഴിഞ്ഞ മേയ് മാസം പുതിയ സഖ്യം രൂപീകരിച്ചത്. സോഷ്യലിസ്റ്റുകൾ, തീവ്ര ഇടതുപക്ഷം, കമ്മ്യൂണിസ്റ്റുകൾ, പരിസ്ഥിതിവാദികൾ എന്നിവർ ചേർന്നതാണ് സഖ്യം. ഏപ്രിലിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെയായിരുന്നു സഖ്യത്തിന്റെ ഉദയം.

അതേസമയം, തീവ്ര വലതുപക്ഷ കക്ഷിയായ മരിൻ ലൂ പെന്നിന്റെ നാഷനൽ റാലി പാർട്ടിയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻനേട്ടമാണുണ്ടാക്കിയത്. പാർട്ടിക്ക് 60-102 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ പാർലമെന്റിലുണ്ടായിരുന്ന വെറും എട്ടു സീറ്റിൽനിന്നാണ് ഈ കുതിപ്പെന്നതും ശ്രദ്ധേയമാണ്.

ഇമ്മാനുവൽ മാക്രോണിന് ഇനി ചെറുകക്ഷികളുമായി ചേർന്ന് സഖ്യം രൂപീകരിക്കേണ്ടിവരും ഭരണം മുന്നോട്ടുകൊണ്ടുപോകാൻ. അല്ലെങ്കിൽ ഇടത്, വലതു മുന്നണികളുടെ പിന്തുണ വേണ്ടിവരും. ക്ഷേമ പരിഷ്‌ക്കരണങ്ങൾ, നികുതി ഇളവ്, റിട്ടയർമെന്റ് പ്രായം ഉയർത്തൽ അടക്കമുള്ള നിരവധി വാഗ്ദാനങ്ങളുമായായിരുന്നു മാക്രോൺ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഈ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാൻ മാക്രോൺ വിയർക്കുമെന്നുറപ്പായിരിക്കുകയാണ്.

Summary: French president Emmanuel Macron loses parliament majority in stunning performance of NUPES, the newly formed left-wing alliance

Similar Posts