കുത്തിവെപ്പ് എടുക്കാത്ത ആളുകളുടെ ജീവിതം ദുഷ്കരമാകും; വിവാദമായി ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവന
|സര്‍ക്കാര്‍ കണക്കുകൾ പ്രകാരം, 18 വയസിനു മുകളിലുള്ള ഫ്രഞ്ചുകാരിൽ 91 ശതമാനവും പൂർണമായും വാക്സിനേഷൻ എടുത്തവരാണ്
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകളുടെ ജീവിതം ദുഷ്കരമാക്കുമെന്ന ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവന വിവാദമായി. പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ഭിന്നതയുണ്ടാക്കുന്നതും അശ്ലീലവുമായ ഭാഷയിലാണെന്നാണ് ആരോപണം. 'എനിക്ക് അവരെ വിഷമിപ്പിക്കാന്‍ ആഗ്രഹമുണ്ട്, ഞങ്ങള്‍ ഇത് തുടരും - അവസാനം വരെ' മാക്രോണ്‍ ഒരു പത്രത്തോട് പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെ, മാക്രോണിന്‍റെ ഈ വാക്കുകള്‍ ഒരു ഭരണാധികാരിക്ക് യോജിക്കുന്നതല്ലെന്ന് യോഗ്യമല്ലെന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടി.
"വാക്സിനേഷൻ എടുക്കാത്തവരെ സംബന്ധിച്ചിടത്തോളം, അവരെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നാണ് മാക്രോണ്‍ ലെ പാരിസിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. 'എംമർഡർ'(emmerder) എന്ന പദം ഉപയോഗിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഷിറ്റ്' എന്നർത്ഥം വരുന്ന 'മെർഡെ' എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ വാക്ക് ഫ്രാൻസിൽ അശ്ലീല വാക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. '' വാക്സിന്‍ എടുക്കാത്തവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. നിങ്ങൾക്ക് ഇനി റെസ്റ്റോറന്‍റില്‍ പോകാൻ കഴിയില്ല. നിങ്ങൾക്ക് ഇനി ഒരു കാപ്പി കുടിക്കാൻ സാധിക്കില്ല, തിയറ്ററില്‍ പോകാനോ സിനിമ കാണാനോ സാധിക്കില്ല'' പ്രസിഡന്‍റ് അഭിമുഖത്തില്‍ പറയുന്നു. നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നുവെങ്കില്‍ നിങ്ങൾ നിരുത്തരവാദികളാകും. ഉത്തരവാദിത്തമില്ലാത്ത ആളുകൾ മേലിൽ പൗരന്മാരല്ല, "മാക്രോൺ കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ കണക്കുകൾ പ്രകാരം, 18 വയസിനു മുകളിലുള്ള ഫ്രഞ്ചുകാരിൽ 91 ശതമാനവും പൂർണമായും വാക്സിനേഷൻ എടുത്തവരാണ്.വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമത്തിലൂടെ 12 വയസ്സിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിക്കാത്ത 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വിതരണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.