ലീക്കടക്കൽ തൊട്ട് തോട്ടം നനക്കൽ വരെ; വീടുകളിൽ നിന്ന് തുടങ്ങാം ജലസംരക്ഷണം
|ടാപ്പുകൾക്ക് സമീപം പായൽ വളരുന്നത് ലീക്കിന്റെ ലക്ഷണമാണ്
കുടിവെള്ളമില്ലാതെ നട്ടം തിരിയുകയാണ് ബംഗളൂരു നഗരമെന്ന വാർത്ത പുറത്തുവന്നിട്ട് അധികം നാളുകളായിട്ടില്ല.
മഴക്കുറവും വരൾച്ചയും രാജ്യത്ത് വർധിച്ചുവരികയാണെന്നതും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയ കാര്യമാണ്. ഭാവിയിലെ ജലദൗർലഭ്യം എത്രത്തോളം ഭീകരമായിരിക്കുമെന്ന് വെളിവാക്കുന്ന വാർത്തകളാണിത്.
ജലസംരക്ഷണത്തിനായ് നാമോരുരത്തരും കരുതൽ തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ്. ഈ ലോകജലദിനത്തിൽ വീടുകളിൽ ജലസംരക്ഷണം നടത്തുന്നതിനായി പാലിക്കേണ്ട രീതികൾ ഏതെല്ലാമെന്ന് നോക്കാം.
ലീക്കിനെ കരുതാം
വീടുകളിൽ വെള്ളം നഷ്ടപ്പെടുന്നത് പ്രധാനമായും ലീക്കുകളിലൂടെയാണ്. ഓരോ മാസവും വീട്ടിലെ ടാപ്പുകളും പൈപ്പുകളും ജോയിന്റുകളും നിരീക്ഷിക്കണം. വെള്ളം ഇറ്റിറ്റു വീഴുന്ന ടാപ്പുകൾ മാറ്റുകയോ ശരിയാക്കുകയോ ചെയ്യണം. ശൗചാലയത്തിലെ ടാങ്കുകളിൽ ലീക്ക് വരുന്നത് സാധാരണമാണ് ഇവ പ്രത്യേകം ശ്രദ്ധിക്കണം. ടാങ്കിലെ വെള്ളം കുറയുന്നത് എത്ര വേഗത്തിലാണെന്ന് നിരീക്ഷിക്കുന്നതും ലീക്കുകളുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഗുണം ചെയ്യും. വീടിനു പുറത്ത് ടാപ്പുകൾക്കരികെ അസാധാരണമായ രീതിയിൽ ചെടികൾ വളരുന്നുണ്ടെങ്കിൽ അത് ലീക്കിന്റെ ലക്ഷണമായേക്കാം. ടാപ്പുകൾക്കടുത്ത് പായൽ പിടിക്കുന്നതും ലീക്കുകളുടെ ലക്ഷമാണ്.
ആധുനിക ടാപ്പുകൾ ഉപയോഗിക്കാം
ഓരോ ടാപ്പുകളുടെയും വെള്ളമൊഴുകുന്നതിന്റെ വേഗത വ്യത്യസ്തമായിരിക്കും. ടാപ്പുകളിൽ ഫിൽട്ടറുകളില്ലാത്തതോ പൈപ്പിന് വണ്ണക്കൂടുതലുള്ളതോ ടാങ്കിൽ നിന്നുമുള്ള ഉയരമോ വെള്ളത്തിന്റെ വേഗത നിയന്ത്രിക്കുന്നതിന് കാരണമാകാം. ഇത് ജലനഷ്ടത്തിന് വഴിവച്ചേക്കാം. ലോ ഫ്‌ലോ ടാപ്പുകളും ഷവർഹെഡുകളും ഉപയോഗിക്കാലാണ് ഇതിന് പ്രധാന പ്രതിവിധി. വീട്ടിലെ ഓരോ ടാപ്പിന്റെയും വേഗത എത്രയെന്ന് അവിടത്തെ ജലത്തിന്റെ അവശ്യകത അനുസരിച്ച് നിയന്ത്രിക്കാം. ബക്കറ്റുകൾ നിറഞ്ഞൊഴുകുന്നതും മറ്റും തടയാനും ലോ ഫ്‌ലോ ടാപ്പുകൾ ഉപകാരപ്പെടും. ഇത് കൂടാതെ പുഷ് ടൈപ്പ് ടാപ്പുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ജലനഷ്ടത്തിന് പ്രതിവിധിയാകും.
തോട്ടം നനക്കാൻ ടെക്‌നോളജി ഉപയോഗിക്കാം
പൂന്തോട്ടങ്ങളും ചെടികളും നനക്കാനായി ഹോസും പിടിച്ച് നടക്കുന്ന രീതിയാണ് നമുക്കുള്ളത്. ഇത് അനാവശ്യമായ ജലനഷ്ടത്തിന് വഴിവച്ചേക്കാം. ഹോസുകളുടെ അറ്റത്ത് ഷവർഹെഡുകൾ ഘടിപ്പിക്കുന്നത് ഇതിന് നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ചെടികളെ നനക്കാനായി ഡ്രിപ് ഇറിഗേഷൻ രീതികളും പിന്തുടരാം. ഒഴിവാക്കിയ ഒരു ബോട്ടിലുകളിൽ വെള്ളം നിറച്ച് അത് ഇറ്റിറ്റു വീഴുന്ന രീതിയിൽ ചെടിച്ചട്ടികളിൽ ക്രമീകരിക്കുന്നത് ഡ്രിപ്പ് ഇറിഗേഷന് ഉദാഹരണമാണ്. കൂടാതെ ഓരോ ചെടികൾക്കും എത്രത്തോളം നനക്കലാണ് വേണ്ടതെന്ന തിരിച്ചറിഞ്ഞ് കൃത്യമായ നനക്കൽ നടത്തുന്നതും പൂന്തോട്ടങ്ങളിലെ ജലനഷ്ടത്തിന് പ്രതിവിധിയാണ്.
ജലനഷ്ട രീതികൾ നിരീക്ഷിക്കാം
പല്ലുതേക്കുമ്പോഴും മറ്റും ടാപ്പുകൾ തുറന്നിടുന്നത് പലരുടെയും രീതിയാണ്. ഇതുകൂടാതെ അനാവശ്യമായ ഫ്‌ലഷിംങ്, ടാപ്പുകൾ തുറന്നിട്ട് പാത്രം കഴുകൽ തുടങ്ങിയ രീതികൾ ഒഴിവാക്കാൻ പഠിക്കണം. വാഷിങ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ പരമാവധി തുണി നിറക്കുക എന്നിവയും ജലസംരക്ഷണ രീതികളാണ്.
കുട്ടികളെ പഠിപ്പിക്കുക
കുട്ടികൾ ടാപ്പുകളും മറ്റും തുറന്ന് കളിക്കുന്നത് സാധാരണമാണ്. ചെറുപ്പം തൊട്ടെ കുട്ടികളെ ജലനഷ്ടത്തിന്റെ ഗൗരവത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. കുട്ടികൾ ഉപയോഗിച്ച ടാപ്പുകൾ കൃത്യമായി അടഞ്ഞോയെന്ന് ശ്രദ്ധിക്കണം. ഇത് ചില മുതിർന്നവർക്കും ബാധകമാണ്.