'എം.പി മുതൽ ബ്യൂട്ടി ക്യൂൻ വരെ';റഷ്യക്കെതിരെ ആയുധമേന്തി യുക്രൈൻ വനിതകൾ
|പാർലമെന്റ് അംഗം കിറ റുഡിക്ക മുതൽ മിസ് യുക്രൈൻ അനസ്റ്റിസിയ ലെന വരെ ആയുധമേന്തി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
റഷ്യയുടെ അധിനിവേശത്തെ ശക്തമായാണ് യുക്രൈൻ പ്രതിരോധിക്കുന്നത്. സൈനികരോടൊപ്പം യുക്രൈൻ ജനതയും റഷ്യക്കെതിരെ പോരാടുന്നതിൽ മുൻപന്തിയിലുണ്ട്. പുരുഷ-സ്ത്രീ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ മുന്നണിപ്പോരാളികളായി എല്ലാവരും ഇതിനോടകം തന്നെ അണിനിരഞ്ഞു കഴിഞ്ഞു. പാർലമെന്റ് അംഗം കിറ റുഡിക്ക മുതൽ മിസ് യുക്രൈൻ അനസ്റ്റിസിയ ലെന വരെ ആയുധമേന്തി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'എങ്ങനെയാണ് ആയുധങ്ങൾ ഉപയോഗിക്കുന്നതെന്ന് ഞാൻ പഠിക്കുകയായിരുന്നു. യുക്രൈൻ വനികളും പുരുഷന്മാരോടൊപ്പം ഞങ്ങളുടെ മണ്ണ് സംരക്ഷിക്കാൻ ഒപ്പമുണ്ടാകും' കിറ ട്വിറ്ററിൽ കുറിച്ചു.
I learn to use #Kalashnikov and prepare to bear arms. It sounds surreal as just a few days ago it would never come to my mind. Our #women will protect our soil the same way as our #men. Go #Ukraine! 🇺🇦 pic.twitter.com/UbF4JRGlcy
— Kira Rudik (@kiraincongress) February 25, 2022
അതേസമയം, റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി പറഞ്ഞു. 'ഈ യുദ്ധവേളയിൽ ഞങ്ങളുടെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്' എന്ന് സെലെൻസ്‌കി പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്കു കഴിഞ്ഞ ദിവസം നൽകിയത്.പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രൈൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.