ഇന്ധനം വാങ്ങാൻ പണമില്ല; ശ്രീലങ്കയിൽ കടുത്ത ഊർജ പ്രതിസന്ധി
|ഇന്ധനപ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ 40,000 മെട്രിക്ക് ടൺ ഡീസലും പെട്രോളും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വഴി നൽകിയിരുന്നു.
ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ വൻ ഇന്ധനപ്രതിസന്ധി. ശ്രീലങ്കയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാൻ വേണ്ടി സർക്കാരിന്റെ പക്കൽ വിദേശ നാണ്യമില്ലാത്തതാണ് പ്രതിസന്ധയിയിലേക്ക് നയിച്ചത്. രണ്ടു പെട്രോളിയം ഷിപ്പ്‌മെന്റുകൾക്ക് നൽകാനുള്ള വിദേശ നാണ്യം പോലും ശ്രീലങ്കയുടെ പക്കലില്ല. കഴിഞ്ഞ ദിവസമെത്തിയ രണ്ടു പെട്രോളിയം ഷിപ്പ്‌മെന്റുകൾക്ക് തങ്ങൾക്ക് ഇതുവരെ പണം നൽകാൻ സാധിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ ഊർജകാര്യ മന്ത്രി ഉദയ ഗമ്മൻപിള്ള പറഞ്ഞു.
415 മില്യൺ യുഎസ് ഡോളർ നഷ്ടത്തിലാണ് നിലവിൽ സിലോൺ പെട്രോളിയം കോർപ്പറേഷനുള്ളത്. ജനുവരിയിൽ തന്നെ രാജ്യത്ത് പെട്രോളിയം പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയാണ് ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതിയെ ആകെ തകർത്തത്.
ഇന്ധനപ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ 40,000 മെട്രിക്ക് ടൺ ഡീസലും പെട്രോളും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വഴി നൽകിയിരുന്നു. കൂടാതെ 900 മില്യൺ യുഎസ് ഡോളർ വായ്പയായി നൽകുമെന്നും കഴിഞ്ഞ മാസം ഇന്ത്യ അറിയിച്ചിരുന്നു.
Summary: Sri Lanka runs out of money to buy petrol