World
French police arrest ,French Riots,France riots LIVE Updates, France riots: Who was Nahel,funeral held for French teenager as arrests mount on fifth night of protests, ഫ്രാൻസിലെ കലാപം
World

ഫ്രാൻസില്‍ കലാപം തുടരുന്നു; വെടിയേറ്റ് മരിച്ച 17 കാരന്റെ മൃതദേഹം സംസ്‌കരിച്ചു

Web Desk
|
2 July 2023 4:33 AM GMT

കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്

പാരീസ്: ഫ്രാൻസിൽ പൊലീസ് വെടിവെച്ചു കൊന്ന നാഹിൽ എന്ന പതിനേഴുകാരന്റെ സംസ്‌കാരം നടത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാന്ററെയിലെ മോണ്ട് വലേറിയൻ പള്ളിയിൽ നടത്തിയ ശവസംസ്‌കാര ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. കൗമാരക്കാരന്റെ ശവസംസ്‌കാരത്തെ തുടർന്ന് ശനിയാഴ്ച നാൻറേയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്

നാഹിലിന്‍റെ മരണത്തിന് പിന്നാലെ ഫ്രാൻസിൽ ഉടലെടുത്ത രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിർത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തിൽ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു 17കാരൻ. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,300-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മാത്രം 121 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കലാപത്തിന്റെ ഭാഗമായി പൊതുനിരത്തുകളിൽ 2,560 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,350 കാറുകൾ കത്തിനശിച്ചു, 234 കെട്ടിടങ്ങൾക്ക് തീപിടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. ചൊവ്വാഴ്ച ആരംഭിച്ച കലാപത്തിൽ കസ്റ്റഡിയിലെടുത്തവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. കസ്റ്റഡിയിലുള്ള 2000-ത്തിലധികം തടവുകാരുടെ ശരാശരി പ്രായം 17 വയസാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.

അൾജീരിയൻ വംശജനാണ് കൊല്ലപ്പെട്ട നാഹിൽ. മാതാവ് മൗനിയയുടെ ഏക മകൻ. കുടുംബത്തിലെ ദാരിദ്ര്യം കാരണം ജോലിയും പഠനവും ഒന്നിച്ചാണ് കൊണ്ടുപോയിരുന്നത്. പലപ്പോഴും കോളജിലെ ഹാജറും കുറവായിരുന്നുവെന്ന് 'ബി.ബി.സി' റിപ്പോർട്ട് ചെയ്യുന്നു.


Similar Posts