World
ജപ്പാന്‍റെ നൂറാം പ്രധാനമന്ത്രിയാകാന്‍ ഫുമിയോ കിഷിഡ
World

ജപ്പാന്‍റെ നൂറാം പ്രധാനമന്ത്രിയാകാന്‍ ഫുമിയോ കിഷിഡ

Web Desk
|
30 Sep 2021 4:08 PM GMT

ജപ്പാന്‍റെ മുന്‍വിദേശകാര്യ മന്ത്രിയാണ് കിഷിഡ

ജപ്പാന്‍റെ നൂറാം പ്രധാനമന്ത്രിയാകാന്‍ ഫുമിയോ കിഷിഡ. മുന്‍ വിദേശകാര്യ മന്ത്രികൂടിയായ കിഷിഡ അടുത്തയാഴ്ച അധികാരമേല്‍ക്കും. ജപ്പാനില്‍ ഏറെ ജനപ്രീതിയുള്ള ടാരോ കോനോയെ തോല്‍പ്പിച്ചാണ് കിഷിഡ അധികാരത്തിലേറുന്നത്. അടുത്ത തിങ്കളാഴ്ച പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം ഷിന്‍സോ ആബെ ആരോഗ്യപ്രശ്നങ്ങള്‍ മൂലം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് യോഷിഹിതെ സുഗയായിരുന്നു പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. അന്ന് ഫുമിയോ കിഷഡെയെ പരാജയപ്പെടുത്തിയാണ് സുഗ അധികാരത്തിലേറിയത്.ഈ വര്‍ഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടന്നത്.

ആരാണ് ഫുമിയോ കിഷിഡ?

ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിഡ ഒക്ടോബര്‍ നാലിന് ജപ്പാനില്‍ അധികാരമേറ്റെടുക്കുമ്പോള്‍ അത് പുതിയൊരു ചരിത്രമാവും. ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന കിഷിഡ ജപ്പാന്‍റെ മുന്‍ വിദേശകാര്യ മന്ത്രി കൂടിയാണ്.

ജപ്പാനിലെ പ്രസിദ്ധ നഗരമായ ഹിരോഷിമയില്‍ നിന്നാണ് ഫുമിയോ കിഷിഡ ജപ്പാന്‍ പാര്‍ലമെന്‍റിലെത്തുന്നത്. 1993 ല്‍ തന്‍റെ രാഷ്ട്രീയ ജീവിതമാരംഭിച്ച കിഷിഡ തന്‍റെ അച്ഛന്‍റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നയരൂപീകരണച്ചുമതലയായിരുന്നു ആദ്യം കിഷിഡക്കുണ്ടായിരുന്നത്.

പിന്നീട് ഷിന്‍‌സോ ആബേ മന്ത്രി സഭയില്‍ 2012 മുതല്‍ 2017 വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ടിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ആണവായുധങ്ങളുടെ നിര്‍മാണത്തിനും പ്രയോഗത്തിനുമെതിരെ അദ്ദേഹമെടുത്ത നിലപാടുകള്‍ ലോകശ്രദ്ധ പിടിച്ച് പറ്റി. ജപ്പാന് മുറിവുണങ്ങാത്ത ഓര്‍‍മകള്‍ സമ്മാനിച്ച ഹിരോഷിമ നഗരത്തില്‍ 2016 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയെ കൊണ്ട് വരുന്നത് കിഷിഡയാണ്. മിതവാദ ഉദാര രാഷ്ട്രീയത്തിന്‍റെ വക്താവ് എന്ന പേരില്‍ ജപ്പാനില്‍ പ്രസിദ്ധനായ കിഷിഡ ജപ്പാന്‍റെ പുതിയ പ്രധാനമന്തിയായി അധികാരമേല്‍ക്കുമ്പോള്‍ ജപ്പാന്‍റെ ചരിത്രത്തില്‍ ഒരു പുതുയുഗപ്പിറവിക്കാണ് തുടക്കം കുറിക്കാന്‍ പോവുന്നത്.

Similar Posts