ചൈനയുടെ ' വണ്‍ റോഡ് വണ്‍ ബെല്‍റ്റ്' പദ്ധതിക്ക് ബദലൊരുക്കാൻ ജി7 രാജ്യങ്ങളുടെ തീരുമാനം
|റഷ്യയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നത് നിർത്താനും ജി7 ഉച്ചകോടി തീരുമാനിച്ചു.
ബെര്‍ലിന്‍: ചൈനയുടെ ' വണ്‍ റോഡ് വണ്‍ ബെല്‍റ്റ്' പദ്ധതിക്ക് ബദലൊരുക്കാൻ ജി7 രാജ്യങ്ങളുടെ തീരുമാനം. അഞ്ച് വർഷത്തിനുള്ളിൽ 600 ബില്യൻ യുഎസ് ഡോളർ ജി7 രാജ്യങ്ങൾ നിക്ഷേപിക്കും. റഷ്യയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നത് നിർത്താനും ജി7 ഉച്ചകോടി തീരുമാനിച്ചു.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് തടയിടാനാണ് ജി7 രാജ്യങ്ങളുടെ തീരുമാനം. ജർമനിയിൽ ഇന്നലെ ആരംഭിച്ച ജി7 ഉച്ചകോടിയിലാണ് പുതിയ പദ്ധതിക്ക് വൻകിടരാജ്യങ്ങൾ സമ്മതം മൂളിയത്.
'പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്' എന്നാണ്പദ്ധതിയുടെ പേര്. 2027ന്റെ അവസാനത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് 600 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ നടപ്പിലാക്കുകയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു
യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ സമ്മർദത്തിലാക്കാനും ജി7 ഉച്ചകോടിയിൽ ആലോചനകൾ തുടരുകയാണ്. റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി തടയുന്നതാണ് പ്രധാന തീരുമാനം. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ജി7 ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്തു. കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.