ഗസ്സ വെടിനിർത്തൽ: നെതന്യാഹുവുമായി ആൻറണി ബ്ലിങ്കന്റെ ചർച്ച ഇന്ന്
|കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസിന്റെ കുറ്റപ്പെടുത്തൽ
ഗസ്സ: വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ ബ്ലിങ്കൻ നീക്കം നടത്തുമെന്ന് അമേരിക്ക പ്രതികരിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്ന് അമേരിക്ക ഇസ്രായേൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ശത്രുക്കളുടെ ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഇസ്രായേലിനെ ആര് ആക്രമിച്ചാലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ പ്രതിനിധി സംഘവുമായും നെതന്യാഹു ഇന്നലെ ആശയവിനിമയം നടത്തി. ഗസ്സ യുദ്ധത്തിൻറെ ഭാവി തീരുമാനിക്കേണ്ടത് സൈന്യമല്ല, മറിച്ച് രാഷ്ട്രീയനേതൃത്വം തന്നെയാണെന്ന് സംഘത്തോട് നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസ് കുറ്റപ്പെടുത്തി. പത്തു മാസം പിന്നിടുന്ന ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് താൽപര്യമില്ലെന്നും അടിക്കടി പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നത് ഇതിൻറെ തെളിവാണെന്നും ഹമാസ് ആരോപിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിച്ച് സൈന്യത്തെ ഗസ്സയിൽ നിന്ന് പിൻവലിക്കാതെ കരാറിൽ ഒപ്പുവെക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു.
അതിനിടെ, ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ഇന്നലെ ദേർ അൽ ബലാഹിലെ ഒരു വീടിനു മുകളിൽ ബോംബിട്ട് 25 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ജബലിയയിലെ രണ്ട് അപ്പാർട്ട്മെന്റുകളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. തെൽ അവീവിൽ ഹിസ്ബുല്ല അയച്ച ഡ്രോൺ നെതന്യാഹുവിൻറെ വസതിയുടെ ദൃശ്യം പകർത്തിയതായി റിപ്പോർട്ടുണ്ട്. പോർവിമാനങ്ങൾ അയച്ചെങ്കിലും ഡ്രോൺ കണ്ടെത്താനുളള ഇസ്രായേൽ നീക്കം വിജയിച്ചില്ല. തെൽ അവീവിൽ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരണപ്പെട്ടു.