ഗസ്സയിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് കൈമാറും
|വെടിനിർത്തൽ അവസാനിച്ചാലുടൻ ആക്രമണമെന്ന് ഇസ്രായേൽ
ഗസ്സ സിറ്റി: 48 നാളുകൾ നീണ്ട ആക്രമണത്തിനൊടുവിൽ ഗസ്സയിൽ വെടിനിർത്തൽ ഇന്ന് രാവിലെ പ്രാദേശികസമയം ഏഴ് മണി മുതൽ പ്രാബല്യത്തില് വരും. ബന്ദികളിൽ 13 പേരെ വൈകീട്ട് കൈമാറും. ഇന്ത്യൻ സമയം കാലത്ത് ഏതാണ്ട് പത്തര മണിയോടെയാണ് വെടിനിർത്തൽ നടപ്പിൽ വരിക. നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് കരാർ. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ബന്ദികളിൽ നിന്നുള്ളആദ്യ സംഘത്തെ വൈകീട്ട് നാല് മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയതായി ഖത്തർ അറിയിച്ചു.
അന്താരാഷ്ട്ര റെഡ്ക്രോസ്, റെഡ്ക്രസൻറ് എന്നീ കൂട്ടായ്മകൾ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേൽനോട്ടം വഹിക്കും. ഇരുപക്ഷവും കരാർ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖത്തർ നേതൃത്വത്തിൽ ഈജിപ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിർത്തൽ യാഥാർഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ വെടിനിർത്തൽ വേളയിൽ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം, താൽക്കാലിക വെടിനിർത്തൽ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും രണ്ടു മാസമെങ്കിലും തുടർന്ന് യുദ്ധം നീണ്ടുനിന്നേക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻറ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ മുതൽ ഗസ്സയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേൽ സേന തുടർന്നത്. വെടിനിർത്തലിന് മുമ്പുള്ള മണിക്കൂറുകൾ കൂട്ടക്കുരുതിക്കുള്ള അവസരമായി സൈന്യം കണ്ടുവെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഗസ്സയിൽ മരണം ഏതാണ്ട് പതിനയ്യായിരമായി. ഇവരിൽ 6150 പേർ കുട്ടികളും നാലായിരം പേർ സ്ത്രീകളും. പരിക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞു. ഇവരിൽ മൂന്നിൽ രണ്ടും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നത്.. കാണാതായ ഏഴായിരത്തോളം പേർ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാൻ താൽക്കാലിക വെടിനിർത്തൽ ഉപകരിക്കും. സമ്പൂർണ വെടിനിർത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മധ്യസ്ഥ രജ്യമായ ഖത്തറും വിവിധ ലോകരാജ്യങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ഹമാസിനെ അമർച്ച ചെയ്യാതെ പിൻവാങ്ങില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇസ്രായേൽ.
കടുത്ത പോരാട്ടത്തിലൂടെ പിന്നിട്ട 48 ദിവസം ഇസ്രായേലിെൻറ 335 സൈനിക വാഹനങ്ങൾ തകർക്കാനും നിരവധി സൈനികരെ കൊലപ്പെടുത്താനും സാധിച്ചതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളുന്നത് ചെറുക്കുമെന്ന് ഈജിപ്ത് പ്രസിഡൻറും പറഞ്ഞു. ലബനാനിൽ നിന്ന് നിരവധി മിസൈലുകൾ വന്നതോടെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.