ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് ജോ ബൈഡൻ
|കരാർ വൈകുന്നതിനെതിരെ ജറൂസലമിൽ നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം
ദുബൈ: ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് രണ്ടാം വാരത്തിൽ മുസ്ലിം വ്രതമാസം ആരംഭിക്കും മുമ്പ് വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.
ഭക്ഷണവിതരണത്തിന് കാത്തിരുന്ന ഫലസ്തീൻകാർക്കു നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന് കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ധാരണ.
എന്നാൽ കൈറോയിലേക്ക് സംഘത്തെ അയക്കുന്നതു സംബന്ധിച്ച് ഇസ്രായേലിനുള്ളിൽ അവ്യക്തത തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ് യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സ അൽ റാഷിദ് റൗണ്ടബൗട്ടിൽ ഭക്ഷണ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 118 ആയി. ഇസ്രായേലിന്‍റെ കൊടും ക്രൂരതക്കെതിരെ ലോകത്തൊന്നാകെ രൂപപ്പെട്ട പ്രതിഷേധം ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ ഇസ്രായേൽ അനുകൂല രാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്. അമേരിക്ക ഇന്നലെ രണ്ട് വിമാനങ്ങളിൽ സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തു. എന്നാൽ കരമാർഗം പരമാവധി സഹായം ഉറപ്പാക്കുകയാണ് പ്രധാനമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു. സഹായം ലഭ്യമാക്കാൻ സാധ്യമായ എല്ലാ നീക്കങ്ങളും തുടരുമെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു.
എന്നാൽ ഗസ്സയിലെ റഫക്കു നേരെയും മറ്റും ഇന്നലെയും ഇസ്രായേൽ ബോംബാക്രമണം നടത്തി. ഗസ്സയിലെ മാനുഷിക ദുരന്തം തീവ്രമായി തുടരുന്നതായി അഭയാർഥികൾക്കായുള്ള യു.എൻ സമിതി അറിയിച്ചു. പിന്നിട്ട 24 മണിക്കൂറിനിടെ, 92 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 30, 320 ആയി. ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡിന്‍റെ ഒളിയാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരിൽ 5 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇസ്രായേൽ സേന അറിയിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി ഉടൻ കരാറിന് തയാറാകണമെന്നാവശ്യപ്പെട്ട് നടന്ന ജറൂസലം മാർച്ച് സമാപിച്ചു.
നെതന്യാഹുവിന്‍റെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചവരിൽ ഏതാനും പേരെ സൈന്യം അറസ്റ്റ് ചെയ്തു. യു.എസ് വൈസ് പ്രസിഡൻറ് കമലാ ഹാരിസ് ഇസ്രായേൽ മന്ത്രി ഗാൻറ്സുമായി നാളെ ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നെതന്യാഹുവിനെ അറിയിക്കാതെയാണ് ഗാൻറ്സും കമലാ ഹാരിസും തമ്മിലെ ചർച്ചയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ ക്യാമ്പിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യത്തിനെതിരെ ഫലസ്തീൻ പോരാളികൾ ശക്തമായ പ്രതിരോധം തീർത്തു. ഇസ്രായേൽ വിട്ടയച്ച ഫലസ്തീൻ തടവുകാരൻ ഖൈസ് അൽ സാദിക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.