ഗസ്സയിലെ വെടിനിർത്തൽ ചർച്ച: ആന്റണി ബ്ലിങ്കൻ ആറാം തവണയും ഇസ്രായേലിൽ
|കഴിഞ്ഞ ദിവസങ്ങളിലായി സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു
ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേൽ നേതൃത്വവുമായി ചർച്ച നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച വീണ്ടും ഇസ്രായേലിലെത്തി. ബന്ദി മോചനം, ഗസ്സയിലെ ഇസ്രായേൽ ആക്രമണം, മാനുഷിക പ്രതിസന്ധി, യുദ്ധാനന്തര ആസൂത്രണം എന്നിവയെല്ലാം സന്ദർശനത്തിന്റെ അജണ്ടയിലുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, പ്രസിഡൻ്റ് ഐസക് ഹെർസോഗ് എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും റാമല്ലയിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ബ്ലിങ്കൺ കഴിഞ്ഞ ദിവസങ്ങളിലായി സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഒക്ടോബർ ഏഴിന് ശേഷം ഇത് ആറാം തവണയാണ് ബ്ലിങ്കൺ ഇസ്രായേലിലെത്തുന്നത്.
ബ്ലിങ്കൺ ഇസ്രയേലിലെത്തുന്നതിന് മുമ്പ്, തടവുകാരുടെ കൈമാറ്റവും വെടിനിർത്തലും സംബന്ധിച്ച കരാറിനെക്കുറിച്ച് ഈജിപ്തിനോടും ഖത്തറിനോടും ഹമാസ് തങ്ങളുടെ പ്രതികരണം അറിയിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ ഇതുവരെ 27,585 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 66,978 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ജനസംഖ്യയുടെ 85 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ഭക്ഷണം, ശുദ്ധജലം, മരുന്നു എന്നിവയുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഗസ്സയിലെ അടിസ്ഥാന സൗകര്യത്തിൻ്റെ 60 ശതമാനവും നശിപ്പിക്കപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.