ഗസ്സയിൽ മരണസംഖ്യ 18,000ത്തിൽ; കൈകാലുകൾ അറ്റ് നിരവധിപേർ, ഭക്ഷ്യക്ഷാമവും രൂക്ഷം
|ഇസ്രായേലിലെ മരണസംഖ്യ 1,147 ആണ്. ആക്രമണം തുടരുമ്പോഴും സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്
ഗസ്സ സിറ്റി: അറുതിയില്ലാതെ ആക്രമണം തുടരുന്നു. തെക്കെന്നോ വടക്കെന്നോ ഇല്ല ഗസ്സയുടെ ഓരോ ഭാഗങ്ങളിലും ഇസ്രായേൽ ബോംബുകൾ വീണുകൊണ്ടേയിരിക്കുന്നു, ഇടവേളകളില്ലാതെ. മധ്യ, വടക്കൻ ഗസ്സയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഗസ്സയിൽ ഓരോ മിനിട്ടിലും മരിച്ചുവീഴുന്ന മനുഷ്യരുടെ കണക്കെടുക്കാൻ പോലുമാകുന്നില്ല. കെട്ടിടങ്ങൾക്കിടയിലും മറ്റും മരണം കാത്ത് കിടക്കുന്നവർ തന്നെ ഏറെയാണ്.
ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 18,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ മരണസംഖ്യ 1,147 ആണ്. ഗസ്സ മുനമ്പിന്റെ തെക്കുഭാഗത്തും കരയാക്രമണം ശക്തമാണ്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റാഫ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ പ്രതിനിധികൾ ഈജിപ്തിലെത്തി. യു.എ.ഇ.യും ഈജിപ്തും ചേർന്ന് സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ റഷ്യയിൽ നിന്നും യുകെയിൽ നിന്നുമുള്ള അംബാസഡർമാരുൾപ്പെടെ പത്തോളം അംബാസഡർമാർ പങ്കെടുത്തു. യുഎസും ഫ്രാൻസും പ്രതിനിധികളെ അയച്ചിട്ടില്ല.
ഗസ്സയിലെ ഫലസ്തീൻ ജനതയ്‌ക്കേറ്റ വേദനയ്ക്കും കഷ്ടപ്പാടുകൾക്കും നേരെ കണ്ണടച്ചതിന് ഒരു ന്യായീകരണവുമില്ല ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ സന്ദർശനത്തിന് ശേഷം പ്രതികരിച്ചു. ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും നാശങ്ങളും മാത്രമല്ല, അവരുടെ പ്രതീക്ഷയും മനസ്സിലാക്കുകയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇയുടെ അംബാസഡർ ലാന നുസ്സൈബെയും പറഞ്ഞു.
അടിയന്തര വെടിനിർത്തലിന് ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നിട്ടും യു.എൻ പ്രമേയത്തെ ഒറ്റക്ക് എതിർത്തുകൊണ്ടാണ് അമേരിക്ക പിന്തള്ളിയത്. ഇസ്രായേലിന് ആയുധങ്ങൾ നൽകാൻ പണമില്ലെന്ന് യുഎസ് കോൺഗ്രസ് അറിയിച്ചിട്ടും ഇത് മറികടന്ന് ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് തുടരുകയാണ് അമേരിക്ക. ശരാശരി 159 ടൺ എന്ന തോതിൽ ഓരോ ദിവസവും ആയുധങ്ങളും വെടിമരുന്നുകളും എത്തുന്നതായാണ് കണക്ക്. ഒക്‌ടോബർ ഏഴിനു ശേഷം മാത്രം ഇസ്രായേലിന് യു.എസ് 10,000 ടൺ ആയുധങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തെക്കൻ ഗസ്സയിലടക്കം ആശുപത്രികൾ പരിക്കേറ്റവരാൽ കാലുകുത്താനിടമില്ലാത്ത വിധം നിറഞ്ഞു. ഭക്ഷണ, കുടിവെള്ള ക്ഷാമവും തുടരുകയാണ്. വിവിധ രോഗങ്ങൾ പടരുന്നതും വെല്ലുവിളിയാകുകയാണ്. ആക്രമണം തുടരുമ്പോഴും സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്. ഹമാസ് വക്താവ് അബൂ ഉബൈദ ഇക്കാര്യം ഇസ്രായേലിനെ താക്കീത് ചെയ്യുകയും ചെയ്തു.