വടക്കന്‍ ഗസ്സയില്‍ ആക്രമണം; ഇരുനൂറിലേറെ മരണം, അധിനിവേശം നിർത്താതെ ബന്ദികൈമാറ്റ ചർച്ചക്കില്ലെന്ന് ഹമാസ്
|അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും ബഹുരാഷ്ട്ര സേനയുടെ ഭാഗമാകും
തെല്‍ അവിവ്: വടക്കൻ ഗസ്സയിലെ ജബാലിയയിലും മറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇരുനൂറിലേറെ മരണം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19,453 ആയി. സിവിലിയൻ കുരുതി പരമാവധി നിജപ്പെടുത്തി ഹമാസിനെ തുരത്താനുള്ള യുദ്ധം ഇസ്രായേലിന് തുടരാമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അധിനിവേശം നിർത്താതെ ബന്ദികൈമാറ്റ ചർച്ചക്കില്ലെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ. ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തിൽ നിന്ന് ഷിപ്പിങ് കമ്പനികൾ പിൻമാറിയിരിക്കെ, കപ്പലുകളുടെ സുരക്ഷക്ക് ബഹുരാഷ്ട്ര സേനയെത്തുമെന്ന് യുഎസ് അറിയിച്ചു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും ബഹുരാഷ്ട്ര സേനയുടെ ഭാഗമാകും.
യൂറോപ്പ് ഉൾപ്പെടെ അന്തർദേശീയ സമൂഹം വെടിനിർത്തലിനായി മുറവിളി ശക്തമാക്കിയിട്ടും അമേരിക്ക നൽകുന്ന പിന്തുണയിൽ ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരത തുടരുകയാണ്. ജബാലിയയിൽ മാത്രം 112 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസ്, ശുജാഇയ, റഫ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണങ്ങളിൽ കുഞുങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. മരണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയും പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടക്കുകയും ചെയ്തു. എങ്കിലും ആക്രമണത്തിന്റെ തീവ്രത കുറക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻറ്. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനൊപ്പം തെൽ അവീവിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗാലൻറ്.
ബന്ദികളുടെ കൈമാറ്റ ചർച്ചയും വഴിമുട്ടി. അധിനിവേശം അവസാനിപ്പിച്ചു മതി ചർച്ചയെന്ന നിലപാടിൽ ഹമാസ് ഉറച്ചു നിൽക്കെ, മധ്യസ്ഥ രാജ്യങ്ങളും കൈമലർത്തുകയാണ്. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രിയും പ്രതിരോധ മന്ത്രാലയത്തിനു മുമ്പാകെ ആയിരങ്ങൾ പ്രകടനം നടത്തി. പ്രായം ചെന്ന മൂന്ന് ബന്ദികളുടെ സഹായാഭ്യഥന ഹമാസ് വീഡിയോയിലൂടെ പുറത്തുവിട്ടു.
ഹൂത്തി ആക്രമണം ശക്തമായ സാഹചര്യത്തിൽ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന് കൂടുതൽ ഷിപ്പിങ് കമ്പനികൾ പിൻവാങ്ങി. കപ്പലുകൾക്കു നേരെയുള്ള നേരെയുള്ള ഹൂത്തി ഭീഷണി അന്താരാഷ്ട്ര വാണിജ്യത്തിനു നേരയുള്ള കടന്നുകയറ്റമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കുറ്റപ്പെടുത്തി.
മേഖലയിലെ സഖ്യരാജ്യങ്ങളുടെ ഇന്നുചേരുന്ന വെർച്വൽ യോഗത്തിൽ കൂട്ടായ നടപടി ചർച്ചയാകുമെന്നും ലോയ്ഡ് ഓസ്റ്റിൻ. ഇന്നലെയും രണ്ട് കപ്പലുകൾ ഹൂത്തികൾ അക്രമിച്ചിരുന്നു. ഇസ്രായേലിലേക്കും ഇസ്രായേൽ ഉടമസ്ഥതയിലുള്ളതുമായ കപ്പലുകൾക്ക് നേരെ മാത്രമായിരിക്കും നടപടിയെന്ന് ഹൂത്തികൾ. ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ഇസ്രായേൽ ആക്രമണം തുടർന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാസമിതി ഇന്ന് ചർച്ചക്കെടുക്കും.