'ഗസ്സയിൽ 80 വർഷം മുൻപുള്ള ജപ്പാനിലെ സ്ഥിതി'; പ്രതികരണവുമായി സമാധാന നൊബേൽ ജേതാക്കളായ ഹിഡാൻക്യോ
|പുരസ്‌കാരലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കുറിച്ചും നിഹോൻ ഹിഡാൻക്യോ വൈസ് ചെയര്‍പേഴ്സന്‍ തോഷിയുകി മിമാകി പ്രതികരിച്ചത്
ടോക്യോ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി 2024ലെ സമാധാന നൊബേൽ ജേതാക്കളായ ജാപ്പനീസ് സംഘടന. 80 വർഷം മുൻപുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോൾ ഗസ്സയിലുള്ളതെന്ന് നിഹോൻ ഹിഡാൻക്യോ. ആണവായുധമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് നോർവീജ്യൻ സമിതി സംഘടനയെ നൊബേൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
പുരസ്‌കാരലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കുറിച്ചും സംഘടന വൈസ് ചെയര്‍പേഴ്സന്‍ തോഷിയുകി മിമാകി പ്രതികരിച്ചത്. ഗസ്സയിൽ കുഞ്ഞുങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുകയാണ്. 80 വർഷം മുൻപ് ജപ്പാനിൽ സംഭവിച്ചതിനു സമാനമായ സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു. ആണവാക്രമണത്തെ അതിജീവിച്ചയാള്‍ കൂടിയാണ് മിമാകി.
ഹിരോഷിമ-നാഗസാക്കി ആണവ ബോംബ് ആക്രമണത്തെ അതിജീവിച്ചവർക്കായി 1950ൽ രൂപംകൊണ്ടതാണ് നിഹോൻ ഹിഡാൻക്യോ. ഇരകൾക്ക് നീതി നേടിക്കൊടുക്കുന്നതിനൊപ്പം ആണവായുധങ്ങൾ നിരോധിക്കാനായി വിദേശരാജ്യങ്ങളിൽ സമ്മർദം ചെലുത്തുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണു സംഘടന രൂപീകരിച്ചത്. ആണവ നിരായുധീകരണം എന്ന ആവശ്യമുയർത്തി യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട സമിതികളിലും വേദികളിലും ഹിഡാൻക്യോ പ്രതിനിധികൾ സംസാരിച്ചിരുന്നു. തങ്ങളുടെ ദൗത്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഹിരോഷിമയിൽനിന്നും നാഗസാക്കിയിൽനിന്നുമുള്ള ആയിരക്കണക്കിന് ഇരകളുടെ സാക്ഷിമൊഴികളും സംഘടന പുറത്തുവിട്ടിരുന്നു.
ശാരീരികമായ യാതനകൾ അനുഭവിക്കുമ്പോഴും വേദനാജനകമായ ഓർമകൾ വേട്ടയാടുമ്പോഴും സമാധാനത്തിനു വേണ്ടി ഇടപെടുകയും പ്രതീക്ഷ പകരുകയും ചെയ്ത ഹിരോഷിമ-നാഗസാക്കി ഇരകൾക്കുള്ള ആദരമാണിതെന്നാണ് നിഹോൻ ഹിഡാൻക്യോയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേൽ സമിതി പറഞ്ഞത്. വിവരണാതീതമായ കാര്യങ്ങൾ വിവരിക്കാനും അചിന്തനീയമായ സംഭവങ്ങളെ കുറിച്ചു ചിന്തിക്കാനും ആണവായുധം കാരണമുള്ള അസഹനീയമായ വേദനയും പീഡയുമെല്ലാം പലതരത്തിൽ അനുഭവിക്കാനുമെല്ലാം നമ്മെ സഹായിച്ചവരാണവർ. ആണവായുധം തെറ്റായ സംഗതിയാണെന്ന ധാരണ സൃഷ്ടിക്കുന്നതിൽ വലിയ സംഭാവനയർപ്പിച്ചവരാണ് ഹിഡാൻക്യോ. ലോകം കണ്ട ഏറ്റവും വിനാശകാരിയായ ആയുധമാണ് ആണവായുധമെന്നു മനുഷ്യചരിത്രത്തിലെ ഈ പുതിയ ദശാസന്ധിയിൽ പ്രത്യേകം ഓർമിപ്പിക്കേണ്ടതുണ്ടെന്നും പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള യുദ്ധഭീതിയിലേക്കുള്ള സൂചനയുമായി നൊബേൽ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.
Summary: Gaza Situation 'Like Japan 80 Years Ago': Nobel Peace Winner Nihon Hidankyo