ഇസ്രായേല്‍ ആക്രമണം അവസാനിച്ചാലും ഗസ്സ ഫലസ്തീനികൾ തന്നെ ഭരിക്കും-ഹമാസ്
|സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഫലസ്തീൻ അതോറിറ്റിക്കു പകരം ഫതഹ് പാർട്ടിയുമായി ഹമാസ് ചർച്ച നടത്തുന്നുണ്ടെന്ന് രാഷ്ട്രീയ വിഭാഗം നേതാവ് ഖലീൽ അൽ യഹ്‌യ അറിയിച്ചു
ഗസ്സ സിറ്റി: ഗസ്സയിൽ ജൂതകുടുംബങ്ങളെ പാർപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനങ്ങൾക്കിടെ പ്രതികരണവുമായി ഹമാസ്. ഇസ്രായേല്‍ ആക്രമണത്തിനുശേഷവും ഗസ്സ ഫലസ്തീനികളുടെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയുടെ ഭാവി ഫലസ്തീനികൾ തന്നെയായിരിക്കും തീരുമാനിക്കുകയെന്നും ഹമാസ് രാഷ്ട്രീയ വിഭാഗം ഉപ മേധാവി ഖലീൽ അൽ യഹ്‌യ വ്യക്തമാക്കി.
''ഗസ്സ ഭരിക്കുന്നയും കൈകാര്യം ചെയ്യുന്നതുമെല്ലാം ഫലസ്തീൻ ജനത തന്നെയായിരിക്കും. ദേശീയ പൊതുജന സമ്മതിക്കനുസരിച്ചായിരിക്കും സർക്കാർ രൂപീകരിക്കുക. ഫലസ്തീൻ ജനതയുടെ ഇച്ഛയ്ക്കും അവരുടെ പ്രതിരോധ മുന്നേറ്റത്തിനും മീതെ ഇസ്രായേലിന്റെ ഒരു അധികാരപ്രയോഗവും നടക്കില്ല''-ഖലീൽ അൽ യഹ്‌യ പറഞ്ഞു.
ഫതഹ് പാർട്ടിയുമായി ഹമാസ് ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫലസ്തീൻ അതോറിറ്റിയുമായി ചർച്ചയില്ല. ഫലസ്തീൻ രാഷ്ട്രരൂപീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും ഹമാസ് നേതാവ് വ്യക്തമാക്കി.
ഗസ്സയിലെ ആക്രമണം ഇസ്രായേലിന്റെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇസ്രായേൽ അധിനിവേശത്തിന്റെ യഥാർഥ മുഖമാണ് ഇതിലൂടെ ഞങ്ങൾ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയത്. ഇസ്രായേലിനു നൽകുന്ന പിന്തുണയ്ക്ക് അമേരിക്കയ്ക്കു നല്ല വിലകൊടുക്കേണ്ടിവരുമെന്നും ഖലീൽ അൽ യഹ്‌യ കൂട്ടിച്ചേർത്തു.
Summary: Hamas says Gaza will be ruled and managed by Palestinians after war