ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; വെടിനിർത്താൻ സമയമായില്ലെന്ന് അമേരിക്ക
|ഇന്ന് രാവിലെ മാത്രം കൊല്ലപ്പെട്ടത് 58 പേരാണ്.
ഗസ്സ: അനുനയനീക്കത്തിനിടയിലും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഫലസ്തീൻ പ്രശ്‌നം ചർച്ച ചെയ്യാനായി യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തുന്നുണ്ട്. ഇതിനിടയിലും ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഇന്ന് രാവിലെ മാത്രം കൊല്ലപ്പെട്ടത് 58 പേരാണ്.
റഫയിൽ നടന്ന ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഈജിപ്ത് അതിർത്തിയാണ് റഫ. ഇതുവഴിയാണ് ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത്. ഇവിടെ വൻ ആക്രമണം നടത്തി ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് തടയുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് സൂചന. സഹായമെത്തിക്കുന്നത് തടയരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗസ്സയിൽ വെടിനിർത്തലിനുള്ള സമയമായില്ലെന്ന നിലപാടിലാണ് അമേരിക്ക. ഇസ്രായേലിന് പ്രതിരോധിക്കാൻ ഇനിയും സമയം വേണമെന്ന് അമേരിക്ക വ്യക്തമാക്കി. ഗസ്സയിലെ ആശുപത്രികൾ വൻ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നിരിക്കുകയാണ്. ഇതോടെ ഇൻകുബേറ്ററിൽ കഴിയുന്ന നൂറിലേറെ കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലായി.