World
Moshe Yaalon
World

‘വടക്കൻ ഗസ്സയിൽ വംശീയ ഉന്മൂലനം നടക്കുന്നു’: ഗുരുതര ആരോപണവുമായി മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി

Web Desk
|
1 Dec 2024 2:20 AM GMT

‘നെതന്യാഹു രാജ്യത്തെ നാശത്തിലേക്കാണ്​ നയിക്കുന്നത്​’

തെൽ അവീവ്​: വടക്കൻ ഗസ്സയിൽ ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്ന ആരോപണവുമായി മുൻ ഇസ്രായേലി പ്രതിരോധ മന്ത്രി മോശെ യാലോൺ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ നാശത്തിലേക്കാണ്​ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്രായേലി ചാനൽ ഡെമോക്രാറ്റിന്​ നൽകിയ അഭിമുഖത്തിലാണ്​​ യാലോണി​െൻറ ആരോപണം. അധിനിവേശ വെസ്​റ്റ്​ ബാങ്കിലും ഗസ്സയിലും നെതന്യാഹുവി​െൻറ വലതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നയങ്ങളെയും അദ്ദേഹം വിമർശിച്ചു. അധിനിവേശത്തിലേക്കും കൂട്ടിച്ചേർക്കുന്നതിലേക്കും വംശീയ ഉൻമൂലനത്തിലേക്കും നാം വലിച്ചിഴക്കപ്പെടുന്നു. ഗസ്സയുടെ വടക്കിലേക്ക്​ നോക്കൂ, അവിടെ കുടിയിറക്കവും ജൂത കുടിയേറ്റവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗസ്സയിൽ ഇസ്രായേൽ സൈന്യത്തി​െൻറ പ്രവർത്തനങ്ങൾ വംശീയ ഉൻമൂലനത്തിന്​ തുല്യമാണെന്ന്​ യാലോൺ പറഞ്ഞതോടെ അഭിമുഖം നടത്തുന്നയോൾ ഇടപെടുകയും അത്​ ശരിയാണോയെന്നും ചോദിച്ചു. ‘അവിടെ എന്താണ്​ സംഭവിക്കുന്നതെന്ന്​ നോക്കൂ, ബെയ്​ത്​ ലഹിയ, ബെയ്​ത്​ ഹനൂൻ എന്നിവ നിലവിലില്ല. ഇപ്പോൾ അവർ ജബലിയയിൽ പ്രവർത്തിക്കുന്നു. ഇസ്രായേൽ സൈന്യം അറബികളുടെ പ്രദേശങ്ങൾ ഉൻമൂലനം ചെയ്​തുകൊണ്ടിരിക്കുകയാണ്​’ -യാലോൺ കുറ്റപ്പെടുത്തി.

2013 മുതൽ 2016 വരെ ഇസ്രായേൽ പ്രതിരോധ മന്ത്രിയായിരുന്നു യാലോൺ. നെതന്യാഹുവി​െൻറ ലിക്കുഡ്​ പാർട്ടിക്കാരൻ കൂടിയായ യാലോൺ അദ്ദേഹത്തിന്​ കീഴിലായിരുന്നു പ്രതിരോധ മന്ത്രിയായിരുന്നത്​. അതേസമയം, ഇത്തരം വിവാദ പ്രസ്താവനകളിൽനിന്ന്​ ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന്​ ഇസ്രായേൽ സർക്കാർ പ്രതികരിച്ചു.വംശീയ ഉൻമൂലനം നടത്തുകയാണെന്ന ആരോപണം നിഷേധിക്കുകയും ചെയ്​തു.

അതിമാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ്​ ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നത്​. വടക്കൻ ഗസ്സയിൽ നിരോധിത ആയുധങ്ങളാണ്​ ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കാൻ അന്താരാഷ്​ട്ര കമ്മിറ്റി രൂപീകരിക്കണമെന്നും ശനിയാഴ്​ച ഹമാസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. നിരപരാധികളായ ജനങ്ങളെ ഇസ്രാ​യേൽ കൂട്ടക്കൊല ചെയ്യുകയാണ്​. ശരീരം ബാഷ്​പീകരിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ്​ ആക്രമണം നടത്തിയിട്ടുള്ളതെന്ന്​ ഡോക്​ടർമാരടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്​. ഇസ്രായേൽ അധിനിവേശ സൈന്യം അന്താരാഷ്​ട്ര തലത്തിൽ നിരോധിച്ച ആയുധങ്ങളാണ്​ ഉപയോഗിക്കുന്നതെന്ന കാര്യമാണ്​ ഇത്​ വ്യക്​തമാക്കുന്നതെന്നും ഹമാസ്​ പ്രസ്​താവനയിൽ അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന യുദ്ധക്കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹമാസ്​ ആവശ്യപ്പെട്ടു.

ഇസ്രായേൽ വംശഹത്യാ യുദ്ധം രണ്ടാം വർഷത്തിലേക്ക്​ കടന്നപ്പോൾ 44,300 പേരാണ് ഇതുവരെ​ ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്​ത്രീകളുമാണ്​. 1,05,000 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഖാൻ യൂനുസ്​, ജബാലിയ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ​ ഇന്നലെ മാത്രം നൂറിലേറെ പേരാണ്​ കൊല്ലപ്പെട്ടത്​. ഗസ്സയിൽ പട്ടിണി ദുരന്തം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ആക്രമണം കൂടുതൽ വ്യാപിപ്പിക്കുകയാണ്​ ഇസ്രായേൽ.

യുഎൻ ഏജൻസിയായ 'യുനർവ'യുടെ പ്രവർത്തനം വിലക്കിയതിനു പിന്നാലെ സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടുള്ള ആക്രമണവും തുടരുകയാണ്​​. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് സെ​ൻ​ട്ര​ൽ കി​ച്ച​ണി​ന്റെ മൂന്ന്​ ജീ​വ​ന​ക്കാ​ർ കൊല്ലപ്പെട്ടു. ഇതോടെ സേവന പ്രവർത്തനങ്ങൾ നിർത്തുമെന്ന്​ സംഘടന മുന്നറിയിപ്പ്​ നൽകി.

ആശുപത്രികൾക്കെതിരായ ആക്രമണവും ഇസ്രായേൽ നടത്തുന്നുണ്ട്​. റൗദ ആശുപത്രിക്കു നേരെയാണ്​ ആക്രമണം നടന്നത്​. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ക​മാ​ൽ അ​ദ്‌​വാ​ൻ ആ​ശു​പ​ത്രി​യി​ലെ ഐ.സി.യു ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ്മ​ദ് അ​ൽ ക​ഹ്‌​ലൂ​ത്തി​നെ ഇസ്രായേൽ കഴിഞ്ഞ ദിവസം വധിച്ചിരുന്നു.

അതേസമയം, ഹമാസ്​ ചെറുത്തുനിൽപ്പിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും രണ്ട്​ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഉടൻ ഹമാസുമായി കരാർ രൂപപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി.

Similar Posts