World
Georgias Election Chief Splashed With Paint Amid Protests Over Controversial Polls
World

തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; ജോർജിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തലവന്റെ മുഖത്ത് പെയിന്റൊഴിച്ചു

Web Desk
|
18 Nov 2024 9:21 AM GMT

തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ത്ബിലിസി: പാർലമെന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണങ്ങൾക്കിടെ ജോർജിയൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തലവന്റെ മുഖത്ത് കറുത്ത പെയിന്റൊഴിച്ചു. തെരഞ്ഞെടുപ്പ് റിസൽട്ട് സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് നാഷണൽ മൂവ്‌മെന്റ് (യുഎൻഎം) അംഗമായ ഡേവിഡ് കിർതാഡ്‌സെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തലവനായ ജോർജി കലന്ദരിഷ്വിലിയുടെ മുഖത്ത് പെയിന്റൊഴിച്ചത്. പ്രാദേശിക ചാനലുകൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കലന്ദരിഷ്വിലിയുടെ കണ്ണിന് പരിക്കുള്ളതായാണ് വിവരം.

ഒക്ടോബർ 26ന് നടന്ന തെരഞ്ഞെടുപ്പിൽ റഷ്യൻ അനുകൂല പാർട്ടിയായ ജോർജിയൻ ഡ്രീം പാർട്ടിയാണ് വിജയിച്ചത്. ഇത് പ്രഖ്യാപിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് റഷ്യ ഇടപെട്ട് അട്ടിമറിച്ചതായാണ് ഇവർ ആരോപിക്കുന്നത്.

53.9 ശതമാനം വോട്ട് നേടിയ ഡ്രീം പാർട്ടി ആകെയുള്ള 150ൽ 89 സീറ്റ് നേടിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കലന്ദരിഷ്വിലി പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ യഥാർഥ വികാരമല്ലെന്ന് പ്രഖ്യാപിച്ചാണ് കിർതാഡ്‌സെ അദ്ദേഹത്തിന്റെ മുഖത്ത് പെയിന്റൊഴിച്ചത്. എന്നാൽ അട്ടിമറി ഉണ്ടായിട്ടില്ലെന്നും തെളിവുകൾ ഹാജരക്കാൻ കഴിയാത്തതുകൊണ്ടാണ് അക്രമം നടത്തുന്നതെന്നും കലന്ദരിഷ്വിലി പറഞ്ഞു.

ഇരട്ട വോട്ടും അക്രമവും നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് അമേരിക്കൻ യൂറോപ്യൻ നിരീക്ഷകൻമാരും ആരോപിച്ചു. ജോർജിയൻ പ്രസിഡന്റ് സലോമി സൗറാബിച്ച്‌വിലിയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ജോർജിയ റഷ്യയുടെ സമ്മർദത്തിന് ഇരയായെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം റഷ്യ നിഷേധിച്ചു.

Similar Posts