World
സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കരുതെന്ന വത്തിക്കാന്‍റെ വിലക്ക് മറികടന്ന് ജര്‍മനി
World

സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കരുതെന്ന വത്തിക്കാന്‍റെ വിലക്ക് മറികടന്ന് ജര്‍മനി

Web Desk
|
11 May 2021 8:25 AM GMT

പ്രണയം ജയിക്കുമെന്ന പേരില്‍ സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ വൈദികരും രൂപതകളും

വത്തിക്കാന്‍റെ വിലക്ക് മറികടന്ന് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദികര്‍. എൽ‌ജിബിടി വിഭാഗങ്ങളും വ്യക്തികളാണെന്ന ജീവിത യാഥാർത്ഥ്യം കത്തോലിക്കാ സഭയ്ക്കുണ്ടാവണമെന്നായിരുന്നു ജര്‍മനിയിലെ വൈദികരിലൊരാള്‍ അഭിപ്രായപ്പെട്ടത്.

സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്‍റെ നിര്‍ദേശം. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം വത്തിക്കാന്‍ പുറത്തിറക്കിയത്. ഈ നിര്‍ദേശത്തിനെതിരെ ജര്‍മനിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

കത്തോലിക്കാ സഭയില്‍ സ്വവര്‍ഗവിവാഹങ്ങള്‍ ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്‍റെ നിര്‍ദേശം. വൈദികരോ കത്തോലിക്കാ പള്ളികളിലെ പരികര്‍മ്മികളോ സ്വവര്‍ഗവിവാഹങ്ങളെ ആശീര്‍വദിക്കാന്‍ പാടില്ല. അത്തരം ആശീര്‍വാദങ്ങള്‍ക്ക് കത്തോലിക്ക സഭയില്‍ നിയമസാധുതയില്ലെന്നും സഭയില്‍ അവ അനുഗ്രഹിക്കപ്പെടുകയില്ലെന്നുമായിരുന്നു വത്തിക്കാന്‍ അറിയിച്ചിരുന്നത്. ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് മതചടങ്ങ് എന്നും അതിന്‍റെ ഭാഗമായാണ് ആശീര്‍വാദം നല്‍കുന്നത് എന്നും അതുകൊണ്ട് തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സാധുതയില്ലെന്നുമായിരുന്നു വത്തിക്കാന്‍റെ നിലപാട്. എന്നാല്‍ 2017 മുതല്‍ തന്നെ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയ രാജ്യമെന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജര്‍മനി.

ജര്‍മനിയില്‍ നിന്ന് മാത്രം വത്തിക്കാന്‍റെ നിര്‍ദേശത്തോടെ എതിര്‍പ്പ് അറിയിച്ചുകൊണ്ട് 100ലധികം വൈദികരാണ് മുന്നോട്ടുവന്നിട്ടുള്ളത്. ദൈവം സ്നേഹമാണെന്നാണ് നമ്മള്‍ പറയുന്നത്. പരസ്പരം വിശ്വസിച്ച്, ഐക്യത്തോടെയും ഉത്തരവാദിത്വത്തോടെയും ജീവിക്കുന്ന വ്യക്തികളോട് ഇത് പ്രണയമല്ലെന്നും ചാപല്യമാണെന്നും പറയാന്‍ തനിക്ക് കഴിയില്ലെന്ന് പറയുന്നു ജെല്‍ഡേനിലെ ക്രിസ്ത്യന്‍ ഓല്‍ഡിംഗ്.

ആളുകളെ അനുഗ്രഹിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. എല്ലാതരത്തിലുമുള്ള ബന്ധങ്ങളും അനുഗ്രഹിക്കപ്പെടേണ്ടതാണ്. നിലവിലെ ആണും പെണ്ണും പരസ്പരമുള്ള വിവാഹമായാലും, വിവാഹമോചിതരുടെ പുനര്‍വിവാഹമായാലും വിവാഹിതരാകാത്ത ദമ്പതികളായാലും സ്വവര്‍ഗ ദമ്പതികളായാലും- ഏത് തരത്തിലുള്ള ബന്ധവും ആശീര്‍വദിക്കപ്പെടേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ വൈവിധ്യത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് - അദ്ദേഹം പറയുന്നു. പ്രണയം ജയിക്കുമെന്ന പേരില്‍ ജര്‍മനിയിലെ വൈദികരും രൂപതകളും സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ചുകൊണ്ടിരിക്കുകയാണ്. ബെര്‍ലിനിലും മ്യൂണിക്കിലും ജര്‍മനിയുടെ ഉള്‍പ്രദേശങ്ങളിലടക്കം ഇത്തരം ആശീര്‍വാദങ്ങള്‍ സംഘടിപ്പിക്കുകയാണ് വൈദികര്‍.

സ്വവര്‍ഗവിവാഹം ആശീര്‍വദിക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയിലും ആസ്ട്രേലിയയിലും നടന്ന ഒപ്പുശേഖരണത്തില്‍ 2000 ലധികം വൈദികരാണ് ഒപ്പുവെച്ചത്.

Similar Posts