'എന്‍റെ വീട്ടില്‍ താമസിക്കാം': യുക്രൈന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് ജര്‍മന്‍ കുടുംബങ്ങള്‍
|ഊഷ്മളമായ സ്വീകരണമാണ് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് ജര്‍മനിയില്‍ ലഭിക്കുന്നത്
യുക്രൈനില്‍ നിന്ന് പ്രതിദിനം ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലെ ബെര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നത്. 'താമസിക്കാന്‍ എന്‍റെ വീട്ടില്‍ മുറികളുണ്ട്' എന്ന പ്ലകാര്‍ഡുമായി ജര്‍മന്‍ കുടുംബങ്ങള്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഹാജരാണ്. ഊഷ്മളമായ സ്വീകരണമാണ് യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് ജര്‍മനിയില്‍ ലഭിക്കുന്നത്.
'രണ്ട് പേര്‍ക്ക് എന്‍റെ വീട്ടില്‍ താമസിക്കാം എത്ര നാള്‍ വേണമെങ്കിലും', 'വലിയ മുറി. മൂന്ന് പേര്‍ക്കുവരെ താമസിക്കാം. കുട്ടികൾക്കും സ്വാഗതം' എന്നിങ്ങനെയാണ് പ്ലകാര്‍ഡുകളിലുള്ളത്. ആർക്കെങ്കിലും 13 പേരെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന് മെഗാഫോണിലൂടെ ഒരാൾ ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ ജര്‍മന്‍ പൌരന്‍ രംഗത്തുവന്നു. പലായനം ചെയ്യുന്നവര്‍ക്ക് വീടൊരുക്കാന്‍ 70കാരിയായ മാര്‍ഗോട്ട് ബാല്‍ഡൌഫുമെത്തി.
താൻ ഒരു അഭയാർഥിയുടെ മകളാണെന്ന് മാർഗോട്ട് പറഞ്ഞു- "നാസികളിൽ നിന്ന് രക്ഷപ്പെട്ട് പലായനം ചെയ്യേണ്ടിവന്നു. അതിനാൽ അഭയാർഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ബാധ്യസ്ഥയാണെന്ന് തോന്നുന്നു. ഇത്തവണ ഹിറ്റ്‌ലറല്ല. പുടിൻ ഇപ്പോള്‍ ചെയ്യുന്നത് മുമ്പ് ഹിറ്റ്‌ലർ ചെയ്തതാണ്"
മാറ്റിന വര്‍ഡകസും ഭര്‍ത്താവും നാലു അഭയാര്‍ഥികളെയാണ് വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. അനസ്താസിയ, നാല് വയസ്സുള്ള മകന്‍, അനസ്താസിയയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍. അനസ്താസിയയുടെ ഭർത്താവ് ദിമിത്രിക്ക് യുക്രൈനില്‍ നിന്ന് പുറത്തുപോകാനാവില്ല. 18-60 വയസുള്ള പുരുഷന്മാര്‍ക്ക് യുക്രൈന്‍ വിടാന്‍ അനുമതിയില്ല.
ഭക്ഷണവും വെള്ളവും സിം കാർഡുകളുമെല്ലാം കൈമാറുന്ന സന്നദ്ധ പ്രവര്‍ത്തകരെ അവിടെ കാണാം. വൈദ്യസഹായത്തിനും അഭയാര്‍ഥികളായെത്തുന്നവരുടെ ഭാഷ വിവര്‍ത്തനം ചെയ്ത് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനുമെല്ലാം ആളുകള്‍ തയ്യാറായിനില്‍ക്കുന്നുണ്ട്.
germans at berlin's central train station, offering arriving ukrainian refugees a place to stay pic.twitter.com/lfhkQyxjCn
— ian bremmer (@ianbremmer) March 3, 2022