World
German foreign minister Annalena Baerbock criticizes Israel for assassinating Hezbollahs Hassan Nasrallah, Israel Hezbollah war 2024, Hassan Nasrallah assassination, Lebanon attack

അന്നലീന ബെയര്‍ബോക്ക്

World

ഹസൻ നസ്‌റുല്ല വധത്തിൽ ഇസ്രായേലിനെ വിമർശിച്ച് ജർമനി; തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്

Web Desk
|
30 Sep 2024 5:12 PM GMT

യുഎസ് നേതൃത്വത്തിൽ ജർമനി, ഫ്രാൻസ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവർ മുന്നോട്ടുവച്ച 21 ദിന വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അന്നലീന ബെയർബോക്ക് ആവശ്യപ്പെട്ടു

ബെർലിൻ: ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ വധത്തിൽ വിമർശനവുമായി ജർമനി. നടപടി ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. കൊലപാതകം മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നായിരുന്നു നേരത്തെ ജർമനിയുടെ പ്രതികരണം. ഇതിനു വിരുദ്ധമായാണിപ്പോൾ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായപ്രകടനം. ലബനാൻ ഒന്നാകെ അസ്ഥിരമാകുമെന്നൊരു ഭീഷണിയാണു മുന്നിൽ നിലനിൽക്കുന്നതെന്ന് അന്നലീന ചൂണ്ടിക്കാട്ടി. അതൊരിക്കലും ഇസ്രായേലിന്റെ സുരക്ഷയ്ക്കു അനുഗണമാകില്ലെന്നും ജർമൻ ചാനലായ 'എആർഡി'യോട് അവർ വ്യക്തമാക്കി.

യുഎസ് നേതൃത്വത്തിൽ ജർമനി, ഫ്രാൻസ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവർ മുന്നോട്ടുവച്ച 21 ദിന വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അന്നലീന ബെയർബോക്ക് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ തീർത്തും അപകടകരമാണ്. മേഖല ഒന്നാകെ പൂർണമായ അക്രമങ്ങളിലേക്കു പോകുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ വെടിനിർത്തൽ ആവശ്യപ്പെടുന്നത്. കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുന്നതു തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, നേരെ എതിരാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

സൈനികയുക്തിയിൽ ലബനാനിലെ ഭീകരതാവളങ്ങൾ ആക്രമിക്കുന്നത് ഉചിതമായി തോന്നിയേക്കാം. എന്നാൽ, രാഷ്ട്രീയ സുരക്ഷാ കാഴ്ചപ്പാടിൽ പുതിയ ആക്രമണം ഇസ്രായേലിനു തന്നെ കൂടുതൽ വിനയാകാനേയിടയുള്ളൂവെന്നും ജർമൻ മന്ത്രി സൂചിപ്പിച്ചു. വടക്കൻ ഇസ്രായേലിനെ സുരക്ഷിതമാക്കി 80,000ത്തോളം ഇസ്രായേലികളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുക എന്ന നെതന്യാഹു ഭരണകൂടത്തിന്റെ തന്നെ പ്രഖ്യാപിത ലക്ഷ്യത്തെ തകർക്കുന്നതാകും ഇത്. എന്നാൽ, ഇത്രയും പേർക്ക് വീടുകളിലേക്കു മടങ്ങാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിർത്തി പ്രദേശം ഒന്നാകെ അപകടത്തിലാണുള്ളത്. അതുകൊണ്ടാണ് നമ്മൾ അമേരിക്കയ്ക്കും ഫ്രാൻസിനും സൗദി അറേബ്യയ്ക്കുമൊപ്പം വെടിനിർത്തൽ ആവശ്യപ്പെടുന്നതെന്നു പറഞ്ഞ അന്നലീന ഇതിനു വേണ്ടി ഇനിയും ശ്രമം തുടരുമെന്നും അറിയിച്ചു.

എന്നാൽ, മന്ത്രിയുടെ അഭിപ്രായപ്രകടനത്തെ തള്ളി ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുല്ല ഭീകരസംഘമാണെന്നും അവരുടെ തലവൻ ഹസൻ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും വക്താവ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ 27നു രാത്രി ബെയ്റൂത്തിൽ വൻ നാശംവിതച്ച ഇസ്രായേൽ മിസൈൽ ആക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെടുന്നത്. ബെയ്റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. സംഭവത്തിൽ ആസ്ഥാനം പൂർണമായി തകർന്നതായാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ വലിയ ബഹുനില കെട്ടിടങ്ങൾ തകർന്നടിഞ്ഞിട്ടുണ്ട്.

സംഭവം നടന്നു മണിക്കൂറുകൾക്കുശേഷമാണ് ഹസൻ നസ്റുല്ലയുടെ മരണം ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നസ്റുല്ല രക്തസാക്ഷിയായിരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഹിസ്ബുല്ല കമാൻഡറായ അലി കരാകിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഹസൻ നസ്റുല്ലയുടെ മൃതദേഹം കഴിഞ്ഞ ദിവസം ബെയ്റൂത്ത് നഗരത്തിന്റെ ദക്ഷിണ പ്രാന്തങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ ഒരു പോറലോ പരിക്കോ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് ലബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തത്. മിസൈൽ ആക്രമണത്തിലുണ്ടായ സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു നിഗമനം.

ബെയ്റൂത്തിലെ ദാഹിയ ജില്ലയിലാണ് ഹിസ്ബുല്ല ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത്. ആറുനിലയുള്ള കെട്ടിട സമുച്ചയം നിലനിന്നിരുന്ന സ്ഥലത്ത് ആക്രമണത്തിനു പിന്നാലെ വലിയ ഗർത്തം രൂപപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ അബ്ബാസ് നിൽപൊറൂഷാനും ലബനാനിലെ ഖുദ്സ് സേനാ കമാൻഡർക്കുമൊപ്പം ഒരേ വാഹനത്തിലാണ് ഹസൻ നസ്റുല്ല ആസ്ഥാനത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അബ്ബാസും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവർക്കൊപ്പം 20 ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.

ഇസ്രായേൽ രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്നാണ് നേരത്തെ ഐഡിഎഫ് വെളിപ്പെടുത്തിയത്. ആസ്ഥാനം കേന്ദ്രമായി ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡ് സംഘം ഇസ്രായേലിനെതിരായ ആക്രമണത്തിനു നേതൃത്വം നൽകുകയായിരുന്നുവെന്നും ഈ വിവരം അറിഞ്ഞാണ് മിസൈൽ വിക്ഷേപിച്ചതെന്നുമായിരുന്നു ഐഡിഎഫ് വാദിച്ചത്. എന്നാൽ, ബെയ്റൂത്തിലുണ്ടായിരുന്ന ഒരു ഇറാൻ ചാരനാണ് ഹസൻ നസ്റുല്ലയുടെ സാന്നിധ്യത്തെ കുറിച്ച് വിവരം കൈമാറിയതെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Summary: German foreign minister Annalena Baerbock criticizes Israel for assassinating Hezbollah's Hassan Nasrallah

Similar Posts