World
മൂന്ന് മാസത്തിനിടെ ഇസ്രായേലിന് 101.5 മില്യണ്‍ ഡോളറിന്‍റെ സൈനിക സഹായം നൽകി ജർമനി
World

മൂന്ന് മാസത്തിനിടെ ഇസ്രായേലിന് 101.5 മില്യണ്‍ ഡോളറിന്‍റെ സൈനിക സഹായം നൽകി ജർമനി

Web Desk
|
24 Oct 2024 3:48 PM GMT

ആഗോളതലത്തിൽ ജർമനിയുടെ വിശ്വാസ്യതയെ തകർക്കുന്ന നടപടിയാണിതെന്ന് വിമർശകര്‍

ബെർലിൻ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതയിൽ ലോക വ്യാപക വിമർശനം ഉയരുന്നതിനിടെ ഇസ്രയേലിന് സൈനിക പിന്തുണ നൽകി ജർമനി. അനഡോലു വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രായേലിനായി 94 മില്ല്യൺ യൂറോ അതായത് 101.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും ആയുധങ്ങളും നൽകാൻ അംഗീകാരം നൽകിയതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടി ഉന്നിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം പുറത്തായത്. രണ്ടു ഘട്ടങ്ങളിലായാണ് ഇത്രയും വലിയ തുകയുടെ ആയുധങ്ങൾ അനുവദിച്ചത്.

ജർമ്മൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുമെന്ന് ഇസ്രായേലിൽ നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സൈനിക ഉപകരണങ്ങളും ആയുധങ്ങളും കൈമാറുന്നത് പുനരാരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ഗസ്സയിലെ വംശഹത്യയെ സഹായിക്കുന്നുവെന്നാരോപിച്ച് നിക്കരാഗ്വ ജെർമനിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ മാർച്ചിൽ ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത ജർമനി നിഷേധിച്ചിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നുമായിരുന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചത്.

അതേസമയം ഇസ്രായേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ജർമനി നൽകുന്ന പിന്തുണ ആഗോളതലത്തിൽ വിമർശിക്കപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ജർമനിയുടെ വിശ്വാസ്യതയെ തകർക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായ നടപടിയാണിതെന്നാണ് വിമർശകരുടെ വാദം.

Related Tags :
Similar Posts