ന്യൂയോര്‍ക്ക് മൃഗശാലയിലെ ജിറാഫിന് കഴുത്തൊടിഞ്ഞ് ദാരുണാന്ത്യം
|ആറ് വയസാണ് പാര്‍ക്കറുടെ പ്രായം
ന്യൂയോര്‍ക്ക്: കൂടിന്‍റെ ഗേറ്റിനുള്ളില്‍ കഴുത്തു കുടുങ്ങി ന്യൂയോര്‍ക്ക് മൃഗശാലയിലെ ജിറാഫിന് ദാരുണാന്ത്യം. കഴുത്തൊഴിഞ്ഞായിരുന്നു ജിറാഫിന്‍റെ അന്ത്യം. സെനെക്ക പാര്‍ക്ക് മൃഗശാലയിലെ പ്രായപൂർത്തിയായ ഒരേയൊരു ആൺ ജിറാഫായ പാര്‍ക്കറാണ് ചത്തത്. ആറ് വയസാണ് പാര്‍ക്കറുടെ പ്രായം.
കൂട്ടിനുള്ളില്‍ ചലനമറ്റ നിലയില്‍ ജിറാഫിനെ കണ്ടെത്തുകയായിരുന്നുവെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വെറ്റിനറി ഡോക്ടര്‍മാര്‍ ഉടന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും പാര്‍ക്കറിനെ രക്ഷിക്കാനായില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക അപൂര്‍വമാണെന്ന് മൃഗശാല സൂപ്രണ്ട് സ്റ്റീവ് ലാസി പ്രസ്താവനയിൽ പറഞ്ഞു.2018ലാണ് പാര്‍ക്കറിന്‍റെ കൂട്ടില്‍ ഗേറ്റ് സ്ഥാപിച്ചത്. പല മൃഗശാലകളിലും ഇത്തരത്തിലുള്ള ഗേറ്റ് ഉപയോഗിക്കാറുണ്ട്. ഗേറ്റില്‍ കുടുങ്ങിയപ്പോള്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജിറാഫിന്‍റെ കഴുത്ത് ഒടിയുകയായിരുന്നുവെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗേറ്റ് പരിഷ്കരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തെ കുറിച്ച് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം എന്നിവരെയും അറിയിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ലാണ് സാന്താ ബാർബറ മൃഗശാലയിൽ നിന്നാണ് പാർക്കർ സെനെക്ക പാർക്കിലെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൃഗശാലയിൽ മരിക്കുന്ന രണ്ടാമത്തെ ജിറാഫാണ് പാർക്കർ.