ഗീത ഗോപിനാഥ് ഐ.എം.എഫ് വിടുന്നു; ഹാര്‍വാഡ് സര്‍വകലാശാലയിലേക്ക് മടങ്ങും
|മൂന്നു വര്‍ഷത്തോളമാണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായി ഗീത ഗോപിനാഥ് പ്രവര്‍ത്തിച്ചത്.
മലയാളിയായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. ജനുവരിയില്‍ തിരികെ ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലേക്കു മടങ്ങുമെന്ന് ഐ.എം.എഫ് അറിയിച്ചു. മൂന്നു വര്‍ഷത്തോളമാണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായി ഗീത ഗോപിനാഥ് പ്രവര്‍ത്തിച്ചത്.
കോവിഡ് കാലത്ത് കൃത്യമായ വിലയിരുത്തലുകളായി മികച്ച സംഭാവനയാണു ഗീത ഗോപിനാഥ് നല്‍കിയതെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു. 'ഐ.എം.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗീതയുടെ പ്രഭാവം മഹത്തരമായിരുന്നു. രാജ്യാന്തര വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലും ഐ.എം.എഫിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്കു വഹിച്ചു,' ക്രിസ്റ്റലീന ജോര്‍ജീവിയ വ്യക്തമാക്കി.
2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് ഐ.എം.എഫിലെ ചുമതലയേറ്റെടുക്കാനായി 2018ലാണു രാജിവച്ചത്. ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിത കൂടിയാണ് ഗീത. ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനു നേതൃത്വം നല്‍കിയിരുന്നത് ഗീത ഗോപിനാഥായിരുന്നു.
Chief Economist @GitaGopinath is returning to @Harvard in January 2022 as planned when her public service leave ends. The search for a successor will begin shortly. https://t.co/hKxQUHki0Z
— Gerry Rice (@IMFSpokesperson) October 19, 2021