World
ഗസ്സയുടെ മങ്ങിയ ചിത്രങ്ങൾ അങ്ങനെത്തന്നെ തുടരും; മാറ്റാനാകില്ലെന്ന് വ്യക്തമാക്കി ഗൂഗിൾ
World

ഗസ്സയുടെ മങ്ങിയ ചിത്രങ്ങൾ അങ്ങനെത്തന്നെ തുടരും; മാറ്റാനാകില്ലെന്ന് വ്യക്തമാക്കി ഗൂഗിൾ

Web Desk
|
22 May 2021 10:45 AM GMT

ആപ്പിളും ബിങ്ങും തങ്ങളുടെ മാപ്പുകളിൽ ഗസ്സയുടെയും അധിനിവിഷ്ട ഫലസ്തീന്റെയും മങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ആപ്പിൾ ചിത്രങ്ങളുടെ റെസല്യൂഷൻ കൂട്ടാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല

ഗൂഗിൾ മാപ്പിൽ മങ്ങിയ നിലയിലുള്ള ഗസ്സയുടെ ചിത്രങ്ങൾ മാറ്റില്ലെന്ന് കമ്പനി. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കണമെങ്കിൽ ഗസ്സയുടെ ആകാശക്കാഴ്ച തന്നെ ലഭിക്കണമെന്ന് ഗവേഷകർ വ്യക്തമാക്കുമ്പോഴാണ് ഗൂഗിൾ തീരുമാനമറിയിച്ചത്.

നിലവിൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളുടെയും ഗസ്സയുടെയുമെല്ലാം ദൃശ്യങ്ങൾ ഗൂഗിൾ മാപ്പിൽ അവ്യക്തമാണ്. ഈ പ്രദേശങ്ങളുടെ പറ്റെ വ്യക്തത കുറഞ്ഞ ചിത്രങ്ങളാണ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നത്. ഇവയുടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകുന്നതിന് നേരത്തെ യുഎസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു ഗൂഗിൾ ചിത്രങ്ങളുടെ വ്യക്തത കുറച്ചത്. വിലക്ക് കഴിഞ്ഞ വർഷം പിൻവലിച്ചിട്ടുണ്ടെങ്കിലും ഗൂഗിൾ ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല.

ഗൂഗിളിനു പുറമെ ആപ്പിളും ബിങ്ങും തങ്ങളുടെ മാപ്പുകളിൽ ഗസ്സയുടെയും അധിനിവിഷ്ട ഫലസ്തീന്റെയും മങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ആപ്പിൾ ചിത്രങ്ങളുടെ റെസല്യൂഷൻ കൂട്ടാമെന്ന് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിങ്ങിന്‍റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നിലവിൽ പിക്‌സലിന് രണ്ടു മീറ്റർ റെസല്യൂഷനിലാണ് ഗസ്സയുടെ ഉപഗ്രഹ ചിത്രങ്ങളുള്ളത്. ഇതിനാൽ, ഇവിടെയുള്ള കെട്ടിടങ്ങളോ തെരുവുകളോ ഒന്നും കാണാനാകില്ല.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഇസ്രായേൽ ഗസ്സയിൽ നടത്തിയ വെടിവയ്പ്പില്‍ ആശുപത്രികളും സ്‌കൂളുകളുമടക്കം നിരവധി കെട്ടിടങ്ങളാണ് പൂർണമായും തകർന്നിട്ടുള്ളത്. വൈദ്യുതി, ജല വിതരണ മാർഗങ്ങളും മലിനജല, ശുചീകരണ സംവിധാനങ്ങളും പൂർണമായി തകർന്നിട്ടുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾ മുഴുവൻ തകർന്നുകിടക്കുന്നതിനാൽ നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ ആകാശദൃശ്യങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ് ദുരന്ത നിവാരണ സംഘങ്ങൾ പറയുന്നത്.

Related Tags :
Similar Posts