World
google map data
World

ലൈവ് ട്രാഫിക് ഡാറ്റ ഡിസേബ്ൾ ചെയ്ത് ഗൂഗ്ൾ മാപ്; കരയുദ്ധത്തിന് ഒരുക്കം

Web Desk
|
24 Oct 2023 8:07 AM GMT

കരയുദ്ധം ആരംഭിക്കുന്നതിന്‍റെ ഭാഗമായി മൂന്നു ലക്ഷം റിസർവ് സൈന്യത്തെയാണ് ഇസ്രയേൽ യുദ്ധമുഖത്തേക്ക് വിളിച്ചിട്ടുള്ളത്.

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ സൈന്യം കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതിന്റെ മുന്നോടിയായി ഗസ്സ മുനമ്പിലെയും ഇസ്രായേലിലെയും ലൈവ് ട്രാഫിക് വിവരങ്ങൾ ഡിസേബ്ൾ ചെയ്യാൻ ഗൂഗ്ൾ മാപ് തീരുമാനിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഗൂഗ്‌ളിന്റെ നടപടി. മാപ്, വിസ് ആപ്പുകളാണ് ഡിസാബ്ൾ ചെയ്യുന്നത്.

'സംഘർഷ സാഹചര്യങ്ങളിൽ ഞങ്ങൾ ഇത് നേരത്തെയും ചെയ്തിട്ടുണ്ട്. ലൈവ് ട്രാഫിക് സാഹചര്യങ്ങൾ കാണാനുള്ള സൗകര്യങ്ങൾ താത്കാലികമായി ഡിസേബ്ൾ ചെയ്യുകയാണ്. പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് നടപടി' - ഗൂഗ്ൾ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രയേൽ പ്രതിരോധ സേനയുടെ അഭ്യർത്ഥന അനുസരിച്ച് ഇസ്രയേലിലെയും ഗസ്സയിലെയും റിയൽ ടൈം ക്രൗഡിങ് ഡാറ്റയാണ് ഗൂഗ്ൾ എടുത്തു കളയുന്നത്. ഇസ്രായേൽ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ ലൈവ് ട്രാഫിക് വിവരങ്ങൾ സഹായകമാകും. കഴിഞ്ഞ വർഷം യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിലും ലൈവ് ഡാറ്റ ഗൂഗ്ള്‍ ഡിസേബ്ൾ ചെയ്തിരുന്നു.

കരയുദ്ധം ആരംഭിക്കുന്നതിന്‍റെ ഭാഗമായി മൂന്നു ലക്ഷം റിസർവ് സൈന്യത്തെയാണ് ഇസ്രയേൽ യുദ്ധമുഖത്തേക്ക് വിളിച്ചിട്ടുള്ളത്. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനാണ് കരയാക്രമണം എന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ കരയുദ്ധത്തിൽ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശങ്കകളും പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, കരയുദ്ധം ശക്തമായാൽ മധ്യേഷ്യയിൽ താമസിക്കുന്ന തങ്ങളുടെ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാൻ യുഎസ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച യുഎസ് തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.




Similar Posts