'അക്രമവും തീവെപ്പും ഒന്നിനും പരിഹാരമല്ല, അല്പം സമാധാനമാണ് ഇപ്പോഴാവശ്യം'; കലാപകാരികളോട് കൊല്ലപ്പെട്ട 17 കാരന്റെ മുത്തശ്ശി
|നാഹിലിന്റെ പേരിൽ തെരുവിലിറങ്ങാനോ, തല്ലിത്തകർക്കാനോ മോഷ്ടിക്കാനോ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കുടുംബാംഗങ്ങൾ
പാരീസ്: ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് 17 കാരനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പൊലീസ് നടപടിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുകയും വ്യപകമായ അക്രമവും തീവെപ്പും കവർച്ചയും നടത്തിയിരുന്നു. കലാപത്തില് ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മാത്രം 700 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധം ആറാം ദിവസവും തുടരുമ്പോൾ പൊലീസ് വെടിവെച്ചുകൊന്ന നാഹിലിന്റെ മുത്തശ്ശി നാദിയ പ്രതികരണവുമായി രംഗത്തെത്തി. കലാപകാരികളോട് ശാന്തരാകാനും അക്രമവും തീവെപ്പുമൊന്നും ഒന്നിനും പകരമാകില്ലെന്നും മുത്തശ്ശി ആഹ്വാസം ചെയ്തതായി പ്രാദേശിക വാർത്താ ചാനലായ ബിഎഫ്എംടിവി റിപ്പോർട്ടു ചെയ്തു.
'ഈ ചെയ്യുന്നതൊന്നും നാഹിലിന് വേണ്ടിയല്ല. നിങ്ങൾ സ്കൂളുകൾക്ക് കേടുപാടുകൾ വരുത്തരുത്, ബസുകൾ തകർക്കരുത്.കലാപകാരികൾ നാഹിലിന്റെ മരണത്തെ ഒരു കാരണമായി കണ്ട് നാശം വിതയ്ക്കുകയായിരുന്നുവെന്നും ഞങ്ങളുടെ കുടുംബത്തിന് ശാന്തത വേണമെന്നും മുത്തശ്ശി കൂട്ടിച്ചേർത്തു. ഞങ്ങൾ ആരും നാഹിലിന്റെ പേരിൽ തെരുവിലിറങ്ങാനോ, തല്ലിത്തകർക്കാനോ മോഷ്ടിക്കാനോ ആവശ്യപ്പെട്ടിട്ടില്ലെന്നും കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജൂൺ 27 നാണ് പാരിസിലെ നാൻോറിറിൽ 17 കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനക്കിടെ കാര് നിർത്താതെ പോയെന്ന് കാണിച്ചെന്നാരോപിച്ചാണ് വെടിവെച്ചുകൊന്നത്. ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നാഹിൽ. നാഹിലിന്റെ മരണത്തിന് പിന്നാലെ തുടങ്ങിയ കലാപത്തിൽ ഏകദേശം 1300 ഓളം പേരാണ് അറസ്റ്റിലായതെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. കലാപത്തിന്റെ ഭാഗമായി 2560 തീപിടിത്തങ്ങളും 1350 കാറുകളും കത്തിനശിച്ചു. 234 കെട്ടിടങ്ങൾക്ക് തീപിടിച്ചിട്ടുണ്ടെന്നും ഭരണകൂടം പറയുന്നു. കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പേരുടെയും പ്രായം 17 വയസാണെന്ന് അഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൽ പറഞ്ഞു. ഇവരുടെ പൂർണ ഉത്തരാവദിത്തം മാതാപിതാക്കൾക്കാണെന്നും ഭരണകൂടം വ്യക്തമാക്കി.