'കൂടുതല്‍ ബ്ലാ ബ്ലാ വേണ്ട' ; കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിക്കരികെ പ്രതിഷേധവുമായി ഗ്രേറ്റ തുന്‍ബര്‍ഗ്
|'കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ പരിസ്ഥിതി വിഷയങ്ങളിൽ ഗൗരവതരമായ നിലപാടുകളെടുക്കുന്നതായി അഭിനയിക്കുകയാണ്'
ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി പ്രസിദ്ധ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരുമായി യു.എൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിക്കടുത്താണ് ഗ്രേറ്റ പ്രതിഷേധ ചത്വരമൊരുക്കിയത്. ഉച്ചകോടി നടക്കുന്നിത്ത് നിന്ന് ക്ലൈഡ് നദിയുടെ തീരത്തേക്ക് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരെ രൂക്ഷമായ ഭാഷയിലാണ് ഗ്രേറ്റ വിമര്‍ശിച്ചത്. ലോകനേതാക്കളുടേത് വെറും വാചോടാപങ്ങളാണെന്നും അവരുടെ വാക്കുകളില്‍ വീണുപോവരുതെന്നും അവര്‍ പ്രതിഷേധക്കാരെ ഓര്‍മപ്പെടുത്തി.
'ഇതൊരു നാടകമാണ്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ പരിസ്ഥിതി വിഷയങ്ങളിൽ ഗൗരവതരമായ നിലപാടുകളെടുക്കുന്നതായി അഭിനയിക്കുകയാണ്. ഇങ്ങനെ ഒരു ഉച്ചകോടി കൊണ്ട് മാറ്റമുണ്ടാകും എന്ന് കരുതുന്നുണ്ടെങ്കിൽ അത് മിഥ്യാധാരണയാണ്. വാചോടാപങ്ങളല്ല. പ്രവര്‍ത്തികളാണ് ഉണ്ടാവേണ്ടത്. കൂടുതൽ ബ്ലാ ബ്ലാ വേണ്ട'. ഗ്രേറ്റ പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കന്മാരെ ഞങ്ങൾ കാണുന്നുണ്ട് എന്നെഴുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. പ്രതിഷേധത്തിൽ കെനിയൻ കാലാവസ്ഥാ പ്രവർത്തക എലിസബത്ത് വാതുറ്റിയുടെ വൈകാരികമായ പ്രഭാഷണം ശ്രദ്ധേയമായി. തന്റെ രാജ്യത്തെ രണ്ട് ദശലക്ഷം മനുഷ്യർ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം പട്ടിണിയിലാണെന്നും ഇനിയെങ്കിലും ലോകനേതാക്കൾ കണ്ണു തുറക്കണമെന്നും വാതുറ്റി പറഞ്ഞു.