തലമുടി തിന്നുന്ന രോഗം; 11കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒരു കപ്പോളം വലിപ്പമുള്ള മുടിക്കെട്ട്
|20 സെന്റീ മീറ്റർ നീളവും 8 സെന്റീ മീറ്റർ വീതിയുമുള്ള മുടിക്കെട്ടാണ് ഡോക്ടർമാർ പുറത്തെടുത്തത്
പതിനൊന്ന്കാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് ഒരു കപ്പോളം വലിപ്പമുള്ള മുടിക്കെട്ട്. ചെക്ക് റിപ്പബ്ലിക്കിലാണ് ഈ അപൂർവ സംഭവം. 20 സെന്റീ മീറ്റർ നീളവും 8 സെന്റീ മീറ്റർ വീതിയുമുള്ള മുടിക്കെട്ടാണ് ഡോക്ടർമാർ പുറത്തെടുത്തത്.
സ്വന്തം തലമുടി കഴിക്കുന്ന അപൂർവ രോഗമായ റാപ്സൽ സിൻഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ പുറത്തെടുക്കാൻ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ പെൺകുട്ടി സുഖമായിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ ചികിത്സ നൽകുന്നെണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തിൽ അപൂർവം ചിലരില്‍ മാത്രം കണ്ടുവരുന്ന അസുഖമാണിത്. 1968ലാണ് ഈ രോഗത്തെ കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയത്. ഈ അവസ്ഥ പുരുഷൻമാരെക്കാൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും പത്ത് കേസുകളിൽ എട്ട് കേസുകളും 30 വയസിന് താഴെയുള്ള യുവതികളിലാണ് കണ്ടുവരുന്നത്. വർഷങ്ങളോളം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ തന്നെ വളരെ വൈകിയാണ് രോഗം കണ്ടുപിടിക്കുന്നത്. അപ്പോഴേക്കും മുടി ഒരു ബോളിനോളം വലിപ്പത്തിലായി മാറിയിരിക്കും. അതുകൊണ്ട് തന്നെ ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. കഴിഞ്ഞ നവംബറിൽ മുംബൈയിൽ പതിമൂന്ന്കാരിയുടെ വയറ്റിൽ നിന്നും ഒരു കിലോയോളം മുടി ഇത്തരത്തിൽ പുറത്തെടുത്തിരുന്നു.