World
ഹെയ്തിയിൽ വൻ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 304 ആയി
World

ഹെയ്തിയിൽ വൻ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 304 ആയി

Web Desk
|
15 Aug 2021 6:53 AM GMT

സുനാമി മുന്നറിയിപ്പ്

കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്തി യിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 300ലധികം പേർ മരിച്ചു. 1800ലധികം പേർക്ക് പരിക്കേറ്റു. രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്.

അയൽ രാജ്യങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഹെയ്തി തീരത്ത് മൂന്ന് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സുനാമി മുന്നറിയിപ്പും നൽകി.

2010ലെ വിനാശകരമായ ഭൂകമ്പത്തിൽ നിന്ന് കരകയറിയ ഹെയ്തിയിൽ 7.2 തീവ്രതയുള്ള ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം- "നിരവധി വീടുകൾ തകർന്നു, ആളുകൾ മരിച്ചു, ചിലർ ആശുപത്രിയിലാണ്. ഭൂകമ്പമുണ്ടായപ്പോള്‍ ഞാൻ എന്‍റെ വീട്ടിലായിരുന്നു. ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു. എല്ലാം തകര്‍ന്നുവീഴുന്നത് ഞാൻ കണ്ടു. ഒരു ഭിത്തിയുടെ ഭാഗം എന്‍റെ ദേഹത്ത് വീണെങ്കിലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു"- പ്രഭവകേന്ദ്രത്തിന് സമീപം താമസിക്കുന്ന ക്രിസ്റ്റെല്ല പറഞ്ഞു.

ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്കുള്ളില്‍ മരണസംഖ്യ 304 ആയി ഉയർന്നതായി രാജ്യത്തെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി പറഞ്ഞു. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



Related Tags :
Similar Posts