World
ദക്ഷിണ കൊറിയയിൽ ദുഃഖാചരണം; ഹാലോവിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം
World

ദക്ഷിണ കൊറിയയിൽ ദുഃഖാചരണം; ഹാലോവിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

Web Desk
|
30 Oct 2022 3:08 AM GMT

സംഭവം സമഗ്രമായി അന്വേഷിച്ച് വരികയാണ്. ദുരന്ത കാരണം കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കും

സിയോൾ: ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൻ സുക്-യോൾ. ഞായറാഴ്ച ദേശീയ ദുഃഖാചരണത്തിന് യൂൻ സുക്-യോൾ ആഹ്വാനം ചെയ്തു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പ്രസിഡന്റ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾ സർക്കാർ ഏറ്റെടുക്കുമെന്നും കുടുംബത്തിന് ചടങ്ങുകൾക്ക് ആവശ്യമായ ധനസഹായം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.

സംഭവം സമഗ്രമായി അന്വേഷിച്ച് വരികയാണ്. ദുരന്ത കാരണം കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിസ്ഥാനപരമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുമെന്ന് യൂൻ സുക്-യോൾ വ്യക്തമാക്കി.

ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിലാണ് അവധി ദിവസമായ ഇന്നലെ അനിയന്ത്രിതമായ തിരക്കിൽ പെട്ട് അപകടമുണ്ടായത്. ഇറ്റാവോൺ നഗരത്തിലെ ഹാമിൽട്ടൺ ഹോട്ടലിന് അടുത്തായി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. അവധി ദിവസമായ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ജനങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരക്കിൽപ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് മരണങ്ങളേറെയും സംഭവിച്ചത്.

മലയാളികളടക്കം ആഘോഷത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാലോവിൻ ആഘോഷങ്ങൾക്കായി നിരവധി ആളുകൾ നഗരത്തിൽ തടിച്ചുകൂടിയിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Similar Posts