World
Hamas also accepted the hostage release deal chance to temporary ceasefire in Gaza
World

ബന്ദി മോചന കരാർ ഹമാസും അം​ഗീകരിച്ചു; ​ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത

Web Desk
|
21 Nov 2023 7:58 AM GMT

കരാറിന് സമ്മതമാണെന്ന് ഇസ്രായേൽ ഇന്നലെ അറിയിച്ചിരുന്നു. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത. ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയെ തുടർന്നാണ് നീക്കം. ഇന്നലെ വൈകീട്ട് കരാറിന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.

തുടർന്ന് ഇന്നലെ അർധരാത്രി ഹമാസും ഇസ്‌ലാമിക് ജിഹാദും ചർച്ച നടത്തിയിരുന്നു. അവർ തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിച്ചു. തുടർന്ന് ഖത്തറും അമേരിക്കയും തമ്മിലുള്ള ചർച്ചയാരംഭിക്കുകയും ഇതിൽ തീരുമാനം അറിയിക്കുകയുമായിരുന്നു. നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാൻ ഇരു വിഭാഗവും അംഗീകരിച്ചതായാണ് സൂചന.

ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് സാധ്യത. എങ്കിൽ ഗസ്സയിലെ ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനമായിരിക്കും ഇത്. ഹമാസുമായുള്ള ഒരു കരാറിനും ഒരുക്കമല്ലെന്നാണ് രണ്ട് ദിവസം മുമ്പ് വരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നത്.

എന്നാൽ കടുത്ത പ്രതിഷേധം തുടരുകയും ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാവുകയും അമേരിക്കയ്ക്കു മേൽ ശക്തമായ സമ്മർദമുണ്ടാവുകയും പ്രതിസന്ധി വർധിക്കുകയും ചെയ്‌തോടെയാണ് നിലപാട് മയപ്പെടുത്താൻ ഇരു രാജ്യങ്ങളും തയാറായത്. നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബക്കാരടക്കം അദ്ദേഹത്തിന്റെ വസതിയിലേക്കടക്കം വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു.

220ഓളം ബന്ദികൾ ഹമാസിന്റെ പക്കലും 40 ബന്ദികൾ ഇസ്‌ലാമിക് ജിഹാദിന്റെ പക്കലുമാണുള്ളതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പർട്ടുകൾ. ഖത്തർ നേരത്തെ മുന്നോട്ടുവച്ച നിർദേശപ്രകാരം, ബന്ദികളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 200 പേരെ വിട്ടയയ്ക്കുക, അതിനു പകരമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ ഏർപ്പെടുത്തുക, ഗസ്സയിലേക്ക് കൂടുതൽ സഹായവസ്തുക്കൾ എത്തിക്കാനുള്ള സംവിധാനം എത്തിക്കുക എന്നിങ്ങനെയായിരുന്നു കരാർ. ഇതനുസരിച്ചാണോ ചർച്ചകൾ മുന്നോട്ടുപോകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ഇപ്പോഴും അതിശക്തമായ ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത്. ഇതോടൊപ്പം ചെറുത്തുനിൽപ്പും തുടരുന്നു. ലബനാൻ പ്രദേശത്ത് നിന്ന് ഇസ്രായേലിനെതിരെ മിസൈൽ- ഷെൽ ആക്രമണവും നടന്നു. ഇതിനു പകരമായി അവിടേക്ക് ലക്ഷക്കണക്കിന് സൈനികരെ അണിനിരത്തിയതായി ഇസ്രായേലും വ്യക്തമാക്കുന്നു. എന്തായാലും അധികം താമസിയാതെ കരാർ യാഥാർഥ്യമാകുമെന്നാണ് വൈറ്റ് ഹൗസും വ്യക്താക്കുന്നത്.

ഇതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ എണ്ണം 13,300 കവിഞ്ഞു. ഇസ്രായേലി ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട ഹൂത്തികൾ യെമൻ സമുദ്രാതിർത്തിയിലേക്കുള്ള വിദേശ ശക്തികളുടെ ഏതൊരു ഇടപെടലും ശക്ത‌മായി ചെറുക്കുമെന്നും താക്കീത്​ നൽകി. അറബ്​, മുസ്​ലിം രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ബീജിങിൽ ചൈനീസ്​ നേതാക്കളുമായി ചർച്ച നടത്തി.

Similar Posts